20 വർഷം കഴിഞ്ഞു; ശുചിമുറിയിൽ വെള്ളമില്ല!
Mail This Article
വണ്ണപ്പുറം ∙ അധികൃതരുടെ കടുത്ത അവഗണനയിൽ വീർപ്പുമുട്ടി വണ്ണപ്പുറം ടാക്സി സ്റ്റാൻഡ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടാക്സി ഡ്രൈവർമാരും മറ്റും വലയുകയാണ്.
2000 - 2001ൽ ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് ടാക്‌സി സ്‌റ്റാൻഡ് പണിതത്. സ്‌റ്റാൻഡിനോട് അനുബന്ധിച്ചു നിർമിച്ച ശുചിമുറിയിൽ വെള്ളവും വൈദ്യുതിയും 2 പതിറ്റാണ്ട് കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. ശുചിമുറിയിലെ എല്ലാ ഉപകരണങ്ങളും സാമൂഹിക വിരുദ്ധർ അടിച്ചു നശിപ്പിച്ചു.
ടാക്സി ഡ്രൈവർമാർക്ക് കുടിവെള്ളം പോലും സ്വന്തം വീട്ടിൽനിന്ന് കൊണ്ടുവരേണ്ട അവസ്‌ഥയാണ്. ഇവർക്ക് വിശ്രമ മുറിയുണ്ടെങ്കിലും നനഞ്ഞൊലിക്കുന്നതാണ്. കൂടാതെ ആസ്ബറ്റോസ് ഷീറ്റു കൊണ്ടു മേഞ്ഞ വിശ്രമ മുറിയിൽ വേനലിൽ കടുത്ത ചൂടുകാരണം ഇരിക്കാൻ കഴിയില്ലെന്നും ഡ്രൈവർമാർ പറഞ്ഞു.
വിശ്രമമുറി പ്രയോജനരഹിതമായതിനാൽ ഡ്രൈവർമാർ സ്വന്തമായി മരത്തിന്റെ കീഴിൽ താൽക്കാലിക ഷെഡ് നിർമിച്ച് അതിലാണ് വിശ്രമത്തിന് ഉപയോഗിക്കുന്നത്. ഇവിടെ ക്ഷുദ്ര ജീവികളുടെ ശല്യം കൂടുതലാണെന്ന് അവർ പറയുന്നു.
ടാക്സി സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ടാക്സി സ്‌റ്റാൻഡിനോടു ചേർന്നുള്ള സ്ഥലം ഏറ്റെടുത്ത് അവിടെ പുതിയ ബസ് സ്റ്റാൻഡ് പണിയണമെന്നും ഇവർ ആവശ്യപ്പെടുന്നു.