സ്വാഗതം... അടപ്രഥമനും പാലടയും അരങ്ങുവാഴുന്ന ഓണവിപണിയിലേക്ക്

Mail This Article
തൊടുപുഴ∙ ഓണത്തിന്റെ മധുരിക്കും ഓർമകൾക്ക് മധുരം മസ്റ്റാണ്. സ്പെഷൽ പായസങ്ങളാണ് അവിടെ താരം. അടപ്രഥമനും പാലടയും പരിപ്പ്, ഗോതമ്പ് പായസവുമൊക്കെയാണു ഓണസദ്യയിലെ സ്ഥിരം താരങ്ങൾ. സദ്യയിൽ കറികൾ അൽപം കുറച്ചാലും പായസം മലയാളിക്ക് നിർബന്ധമാണ്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റു വിശേഷങ്ങൾക്കും സദ്യയുടെ ക്ലൈമാക്സ് പായസം തന്നെ. അതുകൊണ്ടുതന്നെ ഓണത്തിനു രുചി പകരാൻ ജില്ലയിൽ പായസമേളകൾ ഒരുങ്ങി. രുചിയൊത്ത പായസം തരാൻ പായസമേളക്കാർ റെഡി.
അത്തം പിറന്നതു മുതൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഓണം സ്പെഷൽ പായസവിപണികൾ സജീവമായിക്കഴിഞ്ഞു.കൂടാതെ പല ബേക്കറികളിലും ഹോട്ടലുകളിലും പായസമേളകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു തിരുവോണം വരെ തുടരും. റെഡിമെയ്ഡ് പായസം, പായസം മേളകൾ എന്നുള്ള ബോർഡുകളും കടകളുടെ മുന്നിൽ നിരന്നിട്ടുണ്ട്. കഴിഞ്ഞ ഓണം വിപണിയേക്കാൾ ഉഷാറാക്കാനുള്ള തയാറെടുപ്പിലാണ് വ്യാപാരികളും. ചില കേറ്ററിങ് യൂണിറ്റുകളും പായസം തയാറാക്കി നൽകാനുള്ള ഒരുക്കത്തിലാണ്.
ഏതുതരം പായസം വേണമെന്ന് പറഞ്ഞാൽ മതി അത് തയാറാണ്. അടപ്രഥമൻ, പാലട എന്നിവയ്ക്കാണ് പായസമേളകളിൽ പ്രിയമേറെ. അടപ്രഥമൻ, പാലട എന്നിവയ്ക്ക് ലീറ്ററിനു ശരാശരി 220 – 260 രൂപയാണ് വില. ഗോതമ്പ്, പരിപ്പ് പായസത്തിനു ലീറ്ററിനു 200– 250 രൂപ വരെയും. അര ലീറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഉത്രാടം, തിരുവോണം ദിനങ്ങളിലാണ് കൂടുതൽ പായസമേളകൾ സജീവമാകുക. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ മുൻകൂർ ബുക്കിങ് പൊടിപൊടിക്കുകയാണ്. കൂടാതെ വിപണി കീഴടക്കാൻ ഇൻസ്റ്റന്റ് പാലട പായസം മിക്സും ഉണ്ട്.