‘മാലിന്യ മാർക്കറ്റ്’; മുരിക്കാശേരിയിലെ പൊതുമാർക്കറ്റിൽ മാലിന്യക്കൂമ്പാരം
Mail This Article
മുരിക്കാശേരി ∙ വാത്തിക്കുടി പഞ്ചായത്തിന്റെ മുരിക്കാശേരിയിലെ പൊതുമാർക്കറ്റിൽ മാലിന്യംകുമിഞ്ഞുകൂടി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങളാണ് മാർക്കറ്റിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. ചാക്കുകളിൽ നിറച്ചിരിക്കുന്ന മാലിന്യങ്ങൾ കെട്ടുപൊട്ടി പ്രദേശമാകെ ചിതറിക്കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമേ, ഖര വസ്തുക്കളും കുപ്പികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
മാസങ്ങളായി മാലിന്യം കൂമ്പാരമായി ഇവിടെയുണ്ടെന്നു നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ ദുർഗന്ധം വമിക്കുന്നുണ്ട്. മാത്രമല്ല ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം മഴവെള്ളവുമായി കലർന്ന് ടൗണിലേക്ക് ഒഴുകുന്നുമുണ്ട്. ഇത് വ്യാപാരികൾക്കും നാട്ടുകാർക്കും വല്ലാത്ത അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. പകർച്ചവ്യാധി ഭീഷണിക്കും ഇത് ഇടയാക്കുന്നുവെന്നും വ്യാപാരികൾ പറയുന്നു.
പൊതുമാർക്കറ്റിന്റെ ഒരു ഭാഗത്ത് മാസ വ്യാപാരമാണ് നടക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ മാംസം വാങ്ങാനെത്തുന്നുണ്ട്. മാർക്കറ്റിലേക്ക് കയറാൻ പോലുമാകാതെ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഇവർക്കും വല്ലാത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.