യാത്രക്കാർ ദുരിതത്തിൽ, ജീവനക്കാരില്ല; കെഎസ്ആർടിസി മൂന്നാർ ഡിപ്പോ കട്ടപ്പുറത്ത്
Mail This Article
മൂന്നാർ∙ ഡ്രൈവർമാരുടെ കുറവ് മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ 30 സർവീസുകളാണു മൂന്നാറിൽ നിന്നു പ്രവർത്തിക്കുന്നത്. സ്ഥിര ജീവനക്കാരായ 72 ഡ്രൈവർമാരും സ്വിഫ്റ്റിലുൾപ്പെടെയുള്ള 26 താൽക്കാലിക ഡ്രൈവർമാരുമാണിവിടെ ജോലി ചെയ്തിരുന്നത്. സ്ഥിര ജീവനക്കാരിൽ 9 പേർ സ്ഥലം മാറ്റം ലഭിച്ചു പോയി മാസങ്ങളായിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. താൽക്കാലിക ഡ്രൈവർമാരിൽ 9 പേർ പലപ്പോഴായി ജോലി ഉപേക്ഷിച്ചു പോയി.
ദീർഘദൂര സർവീസുകളായ സ്വിഫ്റ്റ് ഉൾപ്പെടെയുള്ള ബസുകളിലെ താൽക്കാലിക ഡ്രൈവർമാരുടെ കുറവു കാരണം സ്ഥിരം ഡ്രൈവർമാരാണ് ഇത്തരം ബസുകൾ ഓടിക്കാൻ നിയോഗിക്കപ്പെടുന്നത്.കൂടാതെ സ്പെയർ പാർട്സ് എടുക്കാൻ ഉപയോഗിക്കുന്ന വാനിനു 2, ഷണ്ടിങ് വാഹനം 3, അദർ ഡ്യൂട്ടി 1, സൈറ്റ് സീയിങ് ഡ്യൂട്ടി 3, സ്റ്റാൻഡിങ് ഡ്യൂട്ടി 3, റിലീവിങ് ഡ്യൂട്ടി 1 എന്നിങ്ങനെ 13 പേർ മറ്റു ജോലികൾക്കായി മാറും.
കുറച്ചു പേർ അവധികളുമെടുക്കുന്നതോടെ ഡ്യൂട്ടിയിലുള്ളവർ വിശ്രമമില്ലാതെ വീണ്ടും അടുത്ത സർവീസ് ഓടിക്കാൻ പോകേണ്ട ഗതിയാണു നിലവിൽ. ഡ്രൈവർമാരുടെ കുറവു കാരണം വരുമാനം കുറവെന്ന കാരണത്താൽ കഴിഞ്ഞ ദിവസം ഒരു എറണാകുളം സർവീസ് നിർത്തലാക്കിയിരുന്നു. ഡിപ്പോയിൽ 52 കണ്ടക്ടർമാർ വേണ്ട സ്ഥാനത്തു നിലവിൽ 43 പേർ മാത്രമാണുള്ളത്.
∙ അടിമാലി എൻക്വയറി ഓഫിസ് പൂട്ടി
യാത്രക്കാർക്ക് ഏറെ പ്രയോജനകരമായി അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസിയുടെ എൻക്വയറി ഓഫിസ് കഴിഞ്ഞ ദിവസം ജീവനക്കാരുടെ കുറവ് മൂലം പൂട്ടി. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന രണ്ടു പേരെയായിരുന്നു മാനുഷിക പരിഗണനയുടെ പേരിൽ ഇവിടെ ജോലിക്കായി നിയമിച്ചിരുന്നത്. ഡിപ്പോയിൽ ജീവനക്കാരുടെ കുറവ് വന്നതോടെ ഇവരെ മാറ്റി നിയമിച്ചതോടെയാണ് കഴിഞ്ഞ ദിവസം മുതൽ എൻക്വയറി ഓഫിസ് പൂട്ടിയത്.