യാത്രക്കാരെ വലച്ച് കുമളി ഡിപ്പോ; 7 ചെയിൻ സർവീസുകൾ റദ്ദാക്കി
Mail This Article
കുമളി ∙ കെഎസ്ആർടിസി കുമളി ഡിപ്പോയിലെ 7 ചെയിൻ സർവീസുകൾ റദ്ദാക്കി. സ്വകാര്യ ബസുകളെ സഹായിക്കാൻ ഡിപ്പോയിലെ 2 ഉദ്യോഗസ്ഥർ രഹസ്യമായി നടത്തിയ നീക്കമെന്ന് യൂണിയനുകൾ ആരോപിച്ചു. കുമളി-കോട്ടയം റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന 14 സർവീസുകളിൽ ഏഴെണ്ണമാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി നിർത്തലാക്കിയത്. കോവിഡിന് മുൻപ് ലാഭകരമായി ഓടിയിരുന്ന ചെയിൻ സർവീസുകൾ കോവിഡ് കാരണം നിലച്ചിരുന്നു.
പിന്നീട് കെ.വി.ഗണേഷ്കുമാർ മന്ത്രിയായി ചുമതലയേറ്റ ശേഷം അടുത്ത നാളിലാണ് ഇത് പുനരാരംഭിച്ചത്. സർവീസുകൾ ലാഭകരമായി വരുന്നതിനിടെയാണ് ഡിപ്പോയിലെ 2 ഉദ്യോഗസ്ഥർ ഏകപക്ഷീയമായി ഈ സർവീസുകൾ നിർത്താനുള്ള തീരുമാനമെടുത്തതെന്ന് ജീവനക്കാർ ആരോപിക്കുന്നു. സർവീസുകൾ നിർത്തുമ്പോൾ യൂണിയൻ പ്രതിനിധികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ കുമളിയിൽ ഇത്തരത്തിലൊരു കൂടിയാലോചന നടന്നിട്ടില്ലെന്ന് യൂണിയൻ പ്രതിനിധികൾ പറഞ്ഞു. യാത്രക്കാരുടെ തിരക്കേറെയുള്ള വൈകുന്നേരത്ത് ട്രിപ്പുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടിയാണ്.