ADVERTISEMENT

കട്ടപ്പന∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന ഗവ. കോളജിൽ എസ്എഫ്‌ഐ - കെഎസ്‌യു സംഘർഷം. കെഎസ്‌യു പ്രവർത്തകരായ ആറ് വിദ്യാർഥികൾക്കു സാരമായി പരുക്കേറ്റു. എസ്എഫ്‌ഐ പ്രവർത്തകരായ മൂന്നു പേർക്കും പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് കോളജ് താൽക്കാലികമായി അടച്ചു.

ഒന്നാം വർഷ വിദ്യാർഥികളും കെഎസ്‌യു പ്രവർത്തകരുമായ ജോൺസൺ ജോയി, ജസ്റ്റിൻ ജോർജ്, ആൽബർട്ട് തോമസ്, അശ്വിൻ ശശി, അമൽ രാജു പിജി ഒന്നാം വർഷ വിദ്യാർഥിനി സോന ഫിലിപ്പ് എന്നിവർക്കാണ് ആയുധം ഉപയോഗിച്ച് അടക്കമുള്ള ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമണത്തിൽ സോനയുടെ വസ്ത്രം ഉൾപ്പെടെ കീറി. എസ്എഫ്‌ഐ പ്രവർത്തകരായ അഖിൽ ബാബു, അശ്വിൻ സനീഷ്, കെ.എസ്.ദേവദത്ത് എന്നിവർക്കും പരുക്കേറ്റു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് ക്യാംപസിലായിരുന്നു അക്രമം. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർഥി സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. നെഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് മുപ്പതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം.

കട്ടപ്പന ഗവ.കോളജിൽ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകയായ സോനയുടെ വസ്ത്രം കീറിയ നിലയിൽ.
കട്ടപ്പന ഗവ.കോളജിൽ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകയായ സോനയുടെ വസ്ത്രം കീറിയ നിലയിൽ.

പൊലീസ് എത്തിയതോടെയാണ് സംഘർഷാവസ്ഥ ഒഴിവായത്. ശരീരമാസകലം പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവർത്തകർ സഹകരണ ആശുപത്രിയിലും ചികിത്സതേടി.

എസ്എഫ്ഐ സംഘത്തിന്റെ മർദനത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന്  കെഎസ്‌യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കമ്പിവടി, നഞ്ചക്ക്, സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് കോളജിനുള്ളിൽ എസ്എഫ്ഐ ആക്രമണം നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം നടത്തിയതോടെ എസ്എഫ്ഐ ആക്രമണത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിനെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് പറഞ്ഞു.

English Summary:

A violent clash between SFI and KSU members at Government College, Kattappana, resulted in injuries to students from both groups. The clash, stemming from alleged vandalism related to college union elections, led to the hospitalization of several students and sparked protests by the KSU.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com