നിയമങ്ങളുടെ നൂലാമാല; സ്വന്തം പുരയിടത്തിന് മതിൽ കെട്ടാൻ കഴിയാതെ വയോധിക ദമ്പതികൾ
Mail This Article
തൊടുപുഴ ∙ പിഡബ്ല്യുഡി റോഡിനോടു ചേർന്നുള്ള സ്വന്തം പുരയിടത്തിനു മതിൽ നിർമിക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി വേണമെന്നും അനുമതി നൽകാൻ വിവിധ ഓഫിസിലെ രേഖകൾ ഹാജരാക്കണമെന്നും കാട്ടി വയോധിക ദമ്പതികളെ പഞ്ചായത്ത്, റവന്യു അധികൃതർ 5 മാസമായി വലയ്ക്കുന്നതായി പരാതി. ആലക്കോട് പഞ്ചായത്ത് 12–ാം വാർഡിൽ താമസിക്കുന്ന കണ്ടത്തിൽ ആന്റണി (68), ഭാര്യ മോളി (60) എന്നിവരാണു മാസങ്ങളായി പഞ്ചായത്ത് അടക്കമുള്ള വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. അനുമതിയില്ലാതെ മതിൽ കെട്ടുന്നതായി ഫോൺ മുഖേന ലഭിച്ച പരാതിയിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാണു പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉത്തരവിൽ പറയുന്നത്.
അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ പിഡബ്ല്യുഡി വക സ്ഥലം കയ്യേറിയിട്ടില്ലെന്ന എതിർപ്പില്ലാരേഖ (എൻഒസി) വാങ്ങി നൽകണമെന്നായി. പിഡബ്ല്യുഡിക്ക് അപേക്ഷ നൽകിയപ്പോൾ താലൂക്ക് സർവേയർക്ക് അപേക്ഷ നൽകാനായിരുന്നു നിർദേശം. എന്നാൽ സർവേയർ എത്തിയില്ല. തുടർന്നു സ്ഥലമുടമ തന്നെ അംഗീകൃത പ്ലാനറെക്കൊണ്ടു പ്ലാൻ തയാറാക്കി ആവശ്യമായ രേഖകൾ സഹിതം പിഡബ്ല്യുഡിക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയായില്ല. അതിർത്തി കണക്കാക്കി കുറ്റി സ്ഥാപിച്ചു നൽകണമെന്ന് അപേക്ഷ നൽകി. പിഡബ്ല്യുഡിയിൽ നിന്ന് എൻജിനീയർ എത്തിയെങ്കിലും അതിർത്തി കാണാനാകുന്നില്ലെന്നു കാണിച്ച് റിപ്പോർട്ട് നൽകി. എന്നാൽ അതിർത്തി വ്യക്തമാക്കിക്കൊടുത്തിട്ടും അധികൃതർ അംഗീകരിച്ചില്ലെന്ന് ആന്റണി പറയുന്നു.
അതിർത്തി നിർണയിച്ച് പിഡബ്ല്യുഡിയിൽ നിന്നു ലഭിക്കുന്ന എതിർപ്പില്ലാരേഖ നൽകിയാൽ മാത്രമേ പഞ്ചായത്ത് അനുമതി നൽകൂ. 4 മാസം പിന്നിട്ടിട്ടും അപേക്ഷകളിൽ ഫലം കാണാത്തതിനെത്തുടർന്ന് ആന്റണി തനിയെ ജോലികൾ പുനരാരംഭിച്ചപ്പോൾ, പഞ്ചായത്തിന്റെ സാങ്കേതിക വിഭാഗം ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നു കാണിച്ച് വീണ്ടും നിർമാണം തടയുകയായിരുന്നു. എന്നാൽ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഉടൻ അനുമതി നൽകാൻ തയാറാണെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാട്ടിലെങ്ങും പ്രയോഗിക്കാത്ത നിയമം പുറത്തെടുത്ത് പഞ്ചായത്ത് ദ്രോഹിക്കുകയാണെന്നു ദമ്പതികൾ ആരോപിച്ചു.
സ്വന്തം സ്ഥലത്ത് മതിൽ കെട്ടാൻ അനുമതി വേണോ?
∙ കേരള പഞ്ചായത്ത്‌രാജ് സെക്‌ഷൻ 235 എക്സ്, കേരള പഞ്ചായത്ത്‌രാജ് സെക്‌ഷൻ 235 ഡബ്ല്യു, കേരള പഞ്ചായത്ത് കെട്ടിടനിർമാണച്ചട്ടങ്ങൾ 90, 91 എന്നിവ പ്രകാരം പൊതുനിരത്തുമായോ പൊതുസ്ഥലവുമായോ അതിർത്തി പങ്കിടുന്ന സ്വകാര്യഭൂമിയിൽ ചുറ്റുമതിലോ വേലിയോ നിർമിക്കുന്നതിന് അതതു തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി നേടണമെന്ന് ആലക്കോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രണ്ടു വ്യക്തികൾ തമ്മിലാണെങ്കിൽ അതിൽ പൊതുതാൽപര്യമില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല.