ആനച്ചാൽ-എല്ലക്കൽ റോഡ് നിർമാണം മുടങ്ങി; യാത്രക്കാർക്ക് ദുരിതം
Mail This Article
കുഞ്ചിത്തണ്ണി ∙ ആനച്ചാൽ-ആമക്കണ്ടം-മേരി ലാൻഡ്-എല്ലക്കൽ റോഡ് നിർമാണം മുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിൽ. 8 വർഷം മുൻപാണ് ഈ റോഡിന്റെ നിർമാണത്തിന് 5 കോടിയിലധികം രൂപ അനുവദിച്ചത്. ഒന്നര വർഷം മുൻപ് സ്വകാര്യ കമ്പനി നിർമാണക്കരാർ എടുത്തു. 3 മാസത്തെ പണികൾക്കു ശേഷം കരാറുകാരൻ ഉപേക്ഷിച്ചു പോയതോടെ റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡിലെ വലിയ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കി. എന്നാൽ, കഴിഞ്ഞ മഴക്കാലത്ത് റോഡിൽ ചെളി നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയായി.
പൊതുവേ യാത്രാസൗകര്യം കുറവുള്ള ഈ മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ആനച്ചാൽ, കുഞ്ചിത്തണ്ണി മേഖലകളിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്ന ഏക റോഡാണിത്. മഴക്കാലം കഴിഞ്ഞപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡ് പൂർണമായും തകർന്നതോടെ ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരില്ലെന്നു നാട്ടുകാർ പറയുന്നു. രാജാക്കാട്, കുഞ്ചിത്തണ്ണി പൊട്ടൻകാട്, കൂമ്പൻപാറ, അടിമാലി മേഖലകളിലെ വിവിധ സ്കൂളുകളുടെ ബസുകൾ 9 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് മേരിലാൻഡ്-ആമക്കണ്ടം ഭാഗത്ത് എത്തുന്നത്.
സമരം തുടങ്ങുമെന്ന് കേരള കോൺഗ്രസ്
ആനച്ചാൽ-ആമക്കണ്ടം-മേരിലാൻഡ്-എല്ലക്കൽ റോഡ് നിർമാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും അല്ലെങ്കിൽ ബഹുജന പങ്കാളിത്തത്തോടെ സമരം തുടങ്ങുമെന്നും കേരള കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴിയിൽ, പി.വി.അഗസ്റ്റിൻ, ജോസ് പുല്ലൻ, ജോബിൾ കുഴിഞ്ഞാലിൽ, സാബു കുന്നുംപുറത്ത്, ജോർജ് കുന്നുംപുറത്ത്, പീറ്റർ പൂണേലിൽ, സി.എസ്.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.