ഇടുക്കിയിലെ കലോത്സവത്തിൽ കോഴ ആരോപണം: 3 മത്സരങ്ങൾ മാറ്റിവച്ചു
Mail This Article
കഞ്ഞിക്കുഴി (ഇടുക്കി) ∙ ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയെന്ന് ആരോപണം; പ്രധാനവേദിയിലെ മത്സരങ്ങൾ നാളത്തേക്കു മാറ്റി. ഇന്നലെ രാവിലെ 10.30നു നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നീ മത്സരങ്ങൾ തുടങ്ങാനായി 3 വിധികർത്താക്കൾ പ്രധാനവേദിയായ കഞ്ഞിക്കുഴി എസ്എൻ എച്ച്എസ്എസിലെ സ്റ്റേജിലേക്ക് എത്തിയപ്പോഴാണു രക്ഷാകർത്താക്കളും നൃത്താധ്യാപകരും പ്രതിഷേധവുമായി എത്തിയത്.
ഒരു നൃത്താധ്യാപകൻ വിധികർത്താക്കൾക്കു കോഴ നൽകി സ്വാധീനിച്ചെന്നും അതിനു തെളിവുണ്ടെന്നും ഇവർ പറഞ്ഞു. ആരോപണവിധേയനായ നൃത്താധ്യാപകൻ വിധികർത്താക്കളെ സ്വാധീനിക്കുന്നതും മത്സരാർഥികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതും കോഴ വാഗ്ദാനം ചെയ്യുന്നതുമായ ശബ്ദരേഖ ഇവർ പുറത്തുവിട്ടു.വിജിലൻസിൽ പരാതി നൽകിയെന്നും തെളിവുകൾ വിജിലൻസിനും കൈമാറുമെന്നും കലോത്സവത്തിന്റെ ജനറൽ കൺവീനറും ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായ എസ്.ഷാജി പറഞ്ഞു.