പാഞ്ഞടുത്തു; പടയപ്പയുടെ പരാക്രമം സ്കൂൾ ബസിനോടും
Mail This Article
മൂന്നാർ ∙ സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ കാട്ടാന പടയപ്പ പാഞ്ഞടുത്തു. ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്താണു ബസ് പടയപ്പയുടെ മുന്നിൽപെട്ടത്.
പടയപ്പ തുമ്പിക്കൈ ഉയർത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.മാട്ടുപ്പെട്ടി സ്വദേശിയായ ഡ്രൈവർ മുരുകൻ ധൈര്യം സംഭരിച്ച് ബസ് പിന്നോട്ട് ഓടിച്ചതാണു രക്ഷയായത്. 50 മീറ്റർ ബസ് പിന്നോട്ടു പോയതോടെയാണു പടയപ്പ ശാന്തനായത്. പിന്നീട് ആന കാട്ടിലേക്കു പോയശേഷമാണു സ്കൂൾ ബസ് യാത്ര തുടർന്നത്.
സ്കൂൾ ബസ് എത്തുന്നതിനു മുൻപ് ഇതുവഴി ബൈക്കിൽ കടന്നുപോയ 2 പേർ പടയപ്പയുടെ മുന്നിൽപെട്ടിരുന്നു. ബൈക്ക് റോഡിൽ ഉപേക്ഷിച്ചശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്കു പോയ ശേഷമാണ് ഇവർ തിരികെയെത്തി ബൈക്ക് എടുത്തത്.