മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു; അടിമാലി ആശുപത്രിയിൽ ബ്ലഡ് ബാങ്ക് തുടങ്ങിയില്ല
Mail This Article
അടിമാലി ∙ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ബ്ലഡ് ബാങ്ക് നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. ഇതിനുള്ള നടപടികൾ ഫയലിൽ വിശ്രമിക്കുന്നത് രോഗികളുടെ ദുരിതം വർധിക്കാൻ കാരണമായി. അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി സെപ്റ്റംബർ 23ന് എത്തിയപ്പോഴാണ് നവംബറിനു മുൻപ് ബ്ലഡ് ബാങ്ക് പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. എന്നാൽ, ബ്ലഡ് ബാങ്ക് പ്രവർത്തനസജ്ജമാക്കുന്നതിനു വേണ്ട പതോളജിസ്റ്റ്, ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിന് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ സർജറിക്കും മറ്റ് ആവശ്യങ്ങൾക്കുമായി രക്തം ആവശ്യമായി വരുന്നവർക്ക് സന്നദ്ധ സംഘടനകളാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
രക്തം നൽകാൻ സന്നദ്ധരാകുന്നവർക്ക് ക്രോസ് മാച്ചിങ്ങിനുള്ള സൗകര്യവും ഇവിടെ അന്യമായതിനാൽ 1,000 രൂപയോളം മുടക്കി സ്വകാര്യ ആശുപത്രിയിൽ എത്തേണ്ട സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തിൽ മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമാക്കുന്നതിന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഡയാലിസിസ് യൂണിറ്റും യാഥാർഥ്യമായില്ല
കഴിഞ്ഞ സെപ്റ്റംബർ 23നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. രോഗികൾക്ക് ഡയാലിസിസിനുള്ള സൗകര്യം ഉടൻ ആരംഭിക്കുന്നതിനായി കെട്ടിടത്തിന് താൽക്കാലിക ഫയർ ആൻഡ് സേഫ്റ്റി അനുമതി ലഭ്യമാക്കിയാണ് ഉദ്ഘാടനം നടന്നത്. എന്നാൽ 2 മാസം പിന്നിടുമ്പോഴും ഡയാലിസിസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനുവേണ്ടി നിയമിച്ച ടെക്നിഷ്യൻ അപകടത്തിൽപെട്ടതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങളുമാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നീണ്ടുപോകാൻ കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.