ഭക്ഷ്യസാധനങ്ങളുടെ വിതരണം നിലച്ചു; ഇടമലക്കുടിയിൽ 20 ദിവസമായി അരിയില്ല
Mail This Article
മൂന്നാർ ∙ ഇടമലക്കുടിയിൽ 20 ദിവസമായി റേഷൻ അരി ഉൾപ്പെടെയുള്ളവ വിതരണം ചെയ്തില്ലെന്ന് പരാതി. മാസാവസാനമായിട്ടും നവംബർ മാസത്തെ റേഷൻ വിഹിതം ഇതുവരെ വിതരണം ചെയ്യാത്തതിനെതിരെ പരാതിയുമായി ഗോത്രവർഗക്കാർ. റേഷൻ സാധനങ്ങൾ ലഭിക്കാതെ വന്നതോടെ മാങ്കുളം, മൂന്നാർ എന്നിവിടങ്ങളിലെത്തി പൊതുവിപണിയിൽനിന്നു വൻതുക നൽകി അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങിയാണ് ഗോത്രവർഗക്കാർ 20 ദിവസമായി ഉപജീവനം നടത്തുന്നത്. മൂന്നാറിൽ പ്രവർത്തിക്കുന്ന ഗിരിജൻ സൊസൈറ്റി വഴിയാണ് ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നത്.
പൊതുവിതരണ വകുപ്പിൽനിന്നു ലഭിക്കുന്ന റേഷൻ സാധനങ്ങൾ രാജമല പെട്ടിമുടിയിലെ ഗോഡൗണിൽ എത്തിച്ച് സംഭരിച്ച ശേഷമാണ് ഇടമലക്കുടിയിലെ റേഷൻ കടകളിൽ സാധനങ്ങളെത്തിക്കുന്നത്. പെട്ടിമുടിയിൽനിന്നു കരാർ അടിസ്ഥാനത്തിൽ വാഹനങ്ങളിലാണ് സാധനങ്ങൾ റേഷൻ കടകളിലെത്തിച്ചിരുന്നത്. ഒരു മാസം മുൻപ് പുതിയ വാഹനക്കരാർ ഉണ്ടാക്കിയെങ്കിലും കരാറുകാരൻ സാധനങ്ങൾ എത്തിക്കാൻ തയാറാകാതെ വന്നതോടെയാണ് ഇടമലക്കുടിയിൽ ഭക്ഷ്യസാധനങ്ങളുടെ വിതരണം നിലച്ചത്.
പെട്ടിമുടിയിലെ ഗോഡൗണിനു മുൻപിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. പ്രശ്നങ്ങൾ പരിഹരിച്ച് ഏതാനും ദിവസത്തിനുളളിൽ റേഷൻ വിതരണം പുനരാരംഭിക്കുമെന്നാണ് ഗിരിജൻ സൊസൈറ്റി അധികൃതരുടെ വിശദീകരണം. എന്നാൽ, റേഷൻ വിതരണം ചെയ്യാതെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരിഞ്ചന്തയിൽ വിൽക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ ആരോപിച്ചു.