മധ്യപ്രദേശിൽ കലോത്സവം ഇല്ലല്ലോ!
Mail This Article
കഞ്ഞിക്കുഴി ∙ യുപി വിഭാഗം ഹിന്ദി പ്രസംഗം ഗംഭീരമായി അവതരിപ്പിച്ചതിനുശേഷം മധ്യപ്രദേശ് സ്വദേശിനി എയ്ഞ്ചലീന മാറാവി അധ്യാപികയായ സിസ്റ്റർ ജോളി ജോസഫിനോട് പച്ചമലയാളത്തിലൊരു ചോദ്യം; ‘എങ്ങനെയുണ്ട് പ്രസംഗം’. ‘ബഹുത് അച്ഛാ’ എന്ന് അധ്യാപികയുടെ മറുപടി. ഒന്നാം സ്ഥാനം നേടിയതോടെ സന്തോഷം ഇരട്ടിയായി.
മേരികുളം സെന്റ് മേരീസ് യുപി സ്കൂളിലെ ആറാം ക്ലാസുകാരിയാണ് എയ്ഞ്ചലീന. 3 വർഷം മുൻപാണ് മധ്യപ്രദേശ് മണ്ഡല സ്വദേശികളായ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം എയ്ഞ്ചലീന കേരളത്തിൽ എത്തിയത്. തുടർന്ന് പിതാവ് മനോഹർ മാറാവി മേരികുളം എസ്എച്ച് കോൺവന്റിൽ കൃഷിക്കാര്യങ്ങൾ നോക്കുന്ന ജോലിക്കാരനായി. മാതാവ് ശാന്തി മനോഹർ മഠത്തിലെ തന്നെ പാചക സഹായിയുമായി. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കോൺവന്റിൽ തന്നെയാണ് എയ്ഞ്ചലീനയുടെ താമസം.
കഴിഞ്ഞ റവന്യു ജില്ലാ പ്രവൃത്തിപരിചയ മേളയിൽ എംബ്രോയ്ഡറിയിലും എയ്ഞ്ചലീന എ ഗ്രേഡ് നേടി. മൂന്നാം ക്ലാസ് വിദ്യാർഥിനി ജോയ്സും ഒന്നാം ക്ലാസ് വിദ്യാർഥിനി ജൂഹിയുമാണ് സഹോദരങ്ങൾ.