ദേശീയപാതയോരത്തെ ഓടയിൽ വീണ് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
Mail This Article
കട്ടപ്പന ∙ ദേശീയപാതയോരത്തെ മൂടിയില്ലാത്ത ഓടയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാരംകുന്ന് തീമ്പലങ്ങാട്ട് (വെള്ളാപ്പള്ളിൽ) ജോസ് (വർഗീസ്-52) ആണു മരിച്ചത്. കട്ടപ്പന-ആനവിലാസം റൂട്ടിൽ കടമാക്കുഴിക്കു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം.കട്ടപ്പനയിൽ കേറ്ററിങ് ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ റോഡരികിലെ ഓടയിലേക്കു പതിക്കുകയായിരുന്നു. താഴ്ചയുള്ള ഓടയായതിനാൽ റോഡിലൂടെ പോകുമ്പോൾ പെട്ടെന്നു ശ്രദ്ധയിൽപെടാത്ത നിലയായിരുന്നു.
രാവിലെ അഞ്ചരയോടെ ഇതുവഴിയെത്തിയ പാലക്കാട് സ്വദേശിയായ യുവാവ് അപകടത്തിൽപെട്ട വാഹനത്തിന്റെ ലൈറ്റ് കണ്ടു പരിശോധിച്ചപ്പോഴാണു ജോസിനെ കണ്ടത്.അധികൃതരെ ബന്ധപ്പെടാൻ മാർഗമില്ലാതെ വന്നതോടെ കട്ടപ്പന അഗ്നിരക്ഷാനിലയത്തിൽ നേരിട്ടെത്തി വിവരമറിയിച്ചു. അവിടെ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജോസിന്റെ സംസ്‌കാരം ഇന്നു 10നു വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: ജസ്റ്റിൻ, ജോൾസീന.