കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേ; ഇങ്ങനെയുണ്ടോ, ഒരു റോഡ് നിർമാണം?

Mail This Article
നെടുങ്കണ്ടം ∙ കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗമായ തൂക്കുപാലം ടൗണിലെ റോഡ് നിർമാണം അനന്തമായി നീളുന്നതിനാൽ വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ; വ്യാപക പ്രതിഷേധം. ജില്ലയിലെ തന്നെ പ്രധാന വാണിജ്യ നഗരമായ തൂക്കുപാലത്ത് മലയോര ഹൈവേ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമാണം പൂർത്തിയായിട്ടില്ല.
പഴയ റോഡ് പൊളിച്ചുമാറ്റിയതോടെ ചെളിക്കുണ്ടായി മാറിയ വഴി മാസങ്ങൾക്ക് ശേഷമാണ് റീ-ടാർ ചെയ്യാൻ അധികൃതർ തയാറായത്. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം നിർമാണം പുനരാരംഭിച്ചെങ്കിലും മാസങ്ങൾക്കിപ്പുറവും പൂർത്തിയാക്കായിട്ടില്ല. കമ്പംമെട്ടു മുതൽ തൂക്കുപാലം വരെയുള്ള പണികൾ അതിവേഗത്തിൽ പൂർത്തിയായിട്ടും തൂക്കുപാലം ടൗണിലെ നിർമാണം ഉപേക്ഷിച്ച മട്ടാണ്. മുൻപുണ്ടായിരുന്ന വീതിപോലും ഇല്ലാതെയാണ് പുതിയ റോഡിന്റെ ആദ്യ ഘട്ട ടാറിങ് നടത്തിയിരിക്കുന്നത്.
റോഡ് ഉയർത്തി നിർമിച്ചതോടെ ഇരുവശങ്ങളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇതോടെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തണമെങ്കിൽ സാഹസികമായി ഈ കുഴി ചാടിക്കയറണം. ഇതോടെ ടൗണിൽ ഗതാഗതക്കുരുക്കും തുടർക്കഥയായിരിക്കുകയാണ്. കച്ചവടം നടക്കാത്തതിനാൽ വ്യാപാരികളും പ്രതിസന്ധിയിലാണ്.
പ്രാദേശിക രാഷ്ട്രീയ ഇടപെടൽ മൂലമാണ് റോഡ് നിർമാണം വൈകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ റോഡ് നിർമാണത്തിനിടെ വ്യാപാരികളുടെ ആവശ്യപ്രകാരം അലൈൻമെന്റ് മാറ്റിയതോടെ പുതിയ പദ്ധതിപ്രകാരമാണ് റോഡ് നിർമിക്കുന്നതെന്നും സാങ്കേതിക തടസ്സമാണ് നിർമാണം വൈകാൻ കാരണമെന്നുമാണ് അധികൃതർ പറയുന്നത്.
ഇരുവശങ്ങളിലും ഓടകൾ നിർമിച്ച് നിർമാണം പൂർത്തീകരിക്കുന്നതോടെ റോഡിന് മതിയായ വീതി ലഭ്യമാകുമെന്നും അധികൃതർ പറയുന്നു. തൂക്കുപാലത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് 30ന് എം.എം.മണി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നാണ് വിവരം.
നിർമാണം പൂർത്തിയാക്കണം: കർഷക കോൺഗ്രസ്
തൂക്കുപാലം ടൗണിലെ നിർമാണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. നിർമാണംമൂലം വ്യാപാരികളും യാത്രക്കാരും നാട്ടുകാരും വൻ പ്രതിസന്ധിയിലാണ്. ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ജനകീയ സമിതി വിളിച്ചു ചേർത്ത് തൊടുപുഴയിലെ കിഫ്ബിയുടെ ഓഫിസിലേക്ക് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് ജോയ് കുന്നുവിളയിൽ പറഞ്ഞു.
പ്രതിഷേധിച്ചു
തൂക്കുപാലത്തെ റോഡ് നിർമാണം ഉടനടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഖാസിമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സിറാജ് മുണ്ടിയെരുമ, മണ്ഡലം സെക്രട്ടറി അമീൻ കരീം എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.