അപ്രതീക്ഷിത ഗതാഗത നിരോധനം യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ!
Mail This Article
പീരുമേട് ∙ അപകടത്തിൽപെട്ട ബസ് ഉയർത്താൻ വേണ്ടി അപ്രതീക്ഷിത ഗതാഗത നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്ന് കുട്ടിക്കാനം - കോട്ടയം റൂട്ടിൽ ആയിരക്കണക്കിന് യാത്രക്കാർ വാഹനങ്ങളിൽ കുടുങ്ങിയത് നാലര മണിക്കൂർ. വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന സമയമായ വൈകിട്ട് 4.30ന് ഗതാഗതം നിരോധിച്ചു നടത്തിയ ബസ് ഉയർത്തൽ നടപടികൾ ആദ്യഘട്ടം അവസാനിച്ചപ്പോൾ തന്നെ രാത്രി 7 മണി കഴിഞ്ഞിരുന്നു. ഗതാഗതക്കുരുക്ക് പൂർണമായി മാറിയതാകട്ടെ രാത്രി 10.30നു ശേഷവും. തീർഥാടകർ, വിനോദ സഞ്ചാരികൾ, എയർ പോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടവർ, ട്രെയിൻ ടിക്കറ്റുകൾ റിസർവ് ചെയ്തവർ, കോട്ടയത്തുനിന്ന് അന്തർ സംസ്ഥാന ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ തുടങ്ങിയവരെല്ലാം തന്നെ മുന്നറിയിപ്പ് ഇല്ലാതെ നടത്തിയ നടപടിമൂലം വെട്ടിലായി.
വെള്ളം, ഭക്ഷണം എന്നിവ കിട്ടാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തളർന്നുവലഞ്ഞു. തിരക്കേറിയ ബസുകളിൽ ചിലർ തുടർച്ചയായി 4 മണിക്കൂർ വരെ നിൽക്കേണ്ടി വന്നു. കുമളിയിൽനിന്ന് 3.40ന് പുറപ്പെട്ട ബസ് മുണ്ടക്കയത്ത് എത്തിയപ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് ക്രെയ്ൻ എത്തിച്ച ശേഷം വാഹനം ഉയർത്തുന്നെന്ന പ്രഖ്യാപനം നടത്തിയതിനെ സംബന്ധിച്ചു പൊലീസ്, മോട്ടർ വാഹന വകുപ്പുകൾക്ക് വ്യക്തമായ മറുപടിയില്ല.
രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിരത്തിലുണ്ടായിരുന്നു ചുരുക്കം പൊലീസുകാർ മാത്രമാണ്.ബസ് ഉയർത്തി സ്റ്റേഷനിൽ എത്തിച്ച ശേഷം മോട്ടർ വാഹന വകുപ്പ് അധികൃതർ വേഗത്തിൽ പിൻവാങ്ങി എന്നാണ് പൊലീസുകാരുടെ പരാതി. ഈ മേഖലയിൽ മുൻപ് നടന്ന അപകടങ്ങളിൽ രാത്രി സമയങ്ങളിലാണ് അപകടത്തിൽപെടുന്ന വാഹനങ്ങൾ കൊക്കയിൽ നിന്നു കയറ്റിയിരുന്നതെന്നും നാട്ടുകാർ പറയുന്നു.