ക്ഷീരകർഷകരുടെ ഇൻസെന്റീവ് നിർത്തലാക്കിയേക്കും; ആശങ്ക
Mail This Article
നെടുങ്കണ്ടം ∙ വരാനിരിക്കുന്ന വേനൽ കാലത്ത് മിൽമ മേഖലാ യൂണിയൻ നൽകുന്ന ഇൻസെന്റീവ് നിർത്തലാക്കാൻ സാധ്യത; ക്ഷീരകർഷകർ ആശങ്കയിൽ. ജില്ലയിലെ ക്ഷീരസംഘങ്ങൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപാദക സംഘം നൽകി വരുന്ന ഇൻസെന്റീവാണ് ജനുവരി 31ന് നിലയ്ക്കുന്നത്. ഇതോടെ കർഷകർക്കു നിലവിൽ ലഭിക്കുന്ന പാൽ വിലയിൽ 5 രൂപയുടെ കുറവുണ്ടാകും. നിലവിൽ എറണാകുളം യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന ഓരോ സഹകരണ സംഘത്തിനും ലീറ്ററൊന്നിന് 10 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്.
ഇതിൽ 5 രൂപ കർഷകർക്കും നാലു രൂപ സംഘങ്ങളുടെ നടത്തിപ്പിനു വേണ്ടിയും ഒരു രൂപ സംഘങ്ങളുടെ യൂണിയൻ ഓഹരി മൂലധനത്തിലേക്കുമാണ് നൽകിയിരുന്നത്. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് 2024 ഓഗസ്റ്റ് 11ന് ആരംഭിച്ച പദ്ധതി പിന്നീട് ജനുവരി 31 വരെ നീട്ടുകയായിരുന്നു. എന്നാൽ പദ്ധതി അവസാനിപ്പിക്കുന്നതോടെ ക്ഷീരകർഷകരും ക്ഷീരോൽപാദക സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാകും.
കർഷകർ പിൻവലിയുന്നു
ഉയർന്ന ഉൽപാദനച്ചെലവു കാരണം കാലി വളർത്തലിൽ നിന്നു കർഷകർ പിൻവാങ്ങുകയാണ്. ഇതോടൊപ്പം കർഷകർക്കു ലഭിക്കുന്ന പാൽവിലയിൽ 5 രൂപയുടെ കുറവു കൂടി ഉണ്ടായാൽ കൂടുതൽ കർഷകർ മേഖലയെ കൈവിടാൻ നിർബന്ധിതരാകും. തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന വേനൽ മാസങ്ങളിൽ തീറ്റപ്പുൽ ക്ഷാമം രൂക്ഷമാകും. വേനൽക്കാല ഇൻസെന്റീവ് നൽകാറുണ്ടെങ്കിലും പരിപാലന ചെലവ് ഗണ്യമായി ഉയരുന്ന വരും മാസങ്ങളിൽ കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല. ജില്ലയുടെ പ്രധാന വരുമാന മാർഗമായ ക്ഷീര മേഖലയിൽ കർഷകരെയും ക്ഷീര സംഘങ്ങളെയും പിടിച്ചുനിർത്താൻ സർക്കാർ ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.