പട്ടയ അവകാശ സംരക്ഷണ സമിതി ഉപരോധം പൊലീസ് തടഞ്ഞു
Mail This Article
അടിമാലി ∙ കല്ലാർകുട്ടി അണക്കെട്ടിന് ഇരുവശങ്ങളിൽ താമസിക്കുന്ന 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പട്ടയ അവകാശ സംരക്ഷണ സമിതി കല്ലാർകുട്ടി അണക്കെട്ട് പാലത്തിലേക്ക് നടത്തിയ ഉപരോധം പൊലീസ് തടഞ്ഞു. 7 പതിറ്റാണ്ടായി അണക്കെട്ടിന്റെ ഇരുകരകളിലുള്ള മൂവായിരത്തിലേറെ കർഷക കുടുംബങ്ങളാണ് പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നത്. ദേവികുളം, ഇടുക്കി താലൂക്കുകളിൽ ഉൾപ്പെടുന്ന വെള്ളത്തൂവൽ, കൊന്നത്തടി വില്ലേജുകളിൽ വരുന്ന കർഷകരാണ് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
ഇതിൽ പലരും കല്ലാർകുട്ടിയിൽ അണക്കെട്ട് സ്ഥാപിക്കുന്നതിനു മുൻപുള്ള കർഷകരാണ്.എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ജില്ലയിലെ 10 ചെയിൻ പ്രദേശത്തെ പട്ടയ വിതരണം. എന്നാൽ തിരഞ്ഞെടുപ്പു വേളയിൽ മാത്രം സജീവമാകുന്ന പട്ടയ പ്രശ്നം പിന്നീട് ഭരണാധികാരികൾ മറക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് വനിതകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണക്കെട്ട് ഉപരോധ സമരത്തിന് എത്തിയത്. അണക്കെട്ടിനു മുകളിലൂടെയുള്ള പാലത്തിലേക്ക് എത്തിയ കർഷകരെ പൊലീസ് തടയുകയായിരുന്നു.
തുടർന്ന് പ്രവർത്തകർ അടിമാലി– കുമളി ദേശീയ പാത ഉപരോധിച്ചു. പൊലീസ് എത്തി ഇവരെ നീക്കം ചെയ്തു. യോഗം പട്ടയ അവകാശ സംരക്ഷണ സമിതി മുഖ്യ രക്ഷാധികാരി ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി.അഗസ്റ്റിൻ, ജനറൽ കൺവീനർ ജെയിൻസ് യോഹന്നാൻ, അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലി, സാജു സ്കറിയ, പി.എക്സ് ജോർജ്, സെബാസ്റ്റ്യൻ ജോസ് എന്നിവർ പ്രസംഗിച്ചു.