കൊച്ചി – ധനുഷ്കോടി ദേശീയപാത: 2 ടോൾ പ്ലാസ, 2 ഇടങ്ങളിൽ കാട്ടാനകൾക്ക് റാംപ്
Mail This Article
അടിമാലി ∙ കൊച്ചി – മൂന്നാർ പാതയുടെ നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ 2 ഇടങ്ങളിൽ ടോൾ പ്ലാസ ഉയരും. ഇതോടൊപ്പം വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിലെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കാട്ടാനകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് 2 ഇടങ്ങളിൽ റാംപ് നിർമിക്കുന്നതിനും ധാരണയായി. എറണാകുളം ജില്ലയിലെ കവളങ്ങാടും ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം പള്ളിവാസലിലുമാണ് ടോൾ പ്ലാസ സ്ഥാപിക്കുന്നതിന് എൻഎച്ച്എഐ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്നാർ ഗ്യാപ്പ് റോഡിൽ ദേവികുളത്തിനു സമീപം ലാക്കാട് ഇപ്പോൾ ടോൾപ്ലാസ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് മൂന്നാറിന് സമീപം പള്ളിവാസലിൽ മറ്റൊരു ടോൾ പ്ലാസ കൂടി സ്ഥാപിക്കുന്നത്.
കൊച്ചി – മൂന്നാർ പാതയിൽ നവീകരണ ജോലികൾ ആരംഭിച്ച് 6 മാസം പിന്നിടുമ്പോഴും നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തെ പണികൾ വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. ഡീൻ കുര്യാക്കോസ് എംപിയുടെ സാന്നിധ്യത്തിൽ വനം – എൻഎച്ച്എഐ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് തടസ്സങ്ങൾ നീക്കം ചെയ്താണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്.
ഇതോടൊപ്പം നേര്യമംഗലത്ത് ഇപ്പോഴത്തെ പാലത്തിനു സമാന്തരമായി പുതിയ പാലത്തിന്റെ നിർമാണവും അതിവേഗം പൂർത്തിയാക്കാൻ കഴിയും വിധമാണ് പണികളുടെ പുരോഗതി. വനമേഖലയിലെ 14 കിലോമീറ്റർ ദൂരം നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കും വിധമാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.