ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി; പ്രതിഷേധവുമായി കർഷകർ
Mail This Article
കുമളി ∙ മധുര മേലൂരിൽ ടങ്സ്റ്റൺ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മധുരയിൽ കഴിഞ്ഞദിവസം കർഷകരുടെ വൻ പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധറാലിയിൽ അണിനിരന്നതോടെ മധുരയിലെ പ്രധാന ജംക്ഷനുകൾ മണിക്കൂറുകളോളം ജനസാഗരത്താൽ നിശ്ചലമായി. മേലൂർ നരസിംഹംപെട്ടിയിൽനിന്ന് 25 കിലോമീറ്റർ റാലിയായാണ് പ്രതിഷേധക്കാർ മധുര സിറ്റിയിലെ തലക്കുള്ളത്ത് എത്തിയത്. കാറുകൾ, ബൈക്കുകൾ, ട്രാക്ടറുകൾ, ബസുകൾ, ലോറികൾ തുടങ്ങിയവയിൽ എത്തിയവർക്കൊപ്പം കാൽനടയായും ഒട്ടേറെ പേർ മധുരയിലേക്ക് മാർച്ച് നടത്തി.
രാവിലെ നരസിംഹംപെട്ടിയിൽ നിന്നാരംഭിച്ച പ്രതിഷേധറാലി ഉച്ചയ്ക്ക് ശേഷമാണ് 25 കിലോമീറ്റർ പിന്നിട്ട് മധുരയിൽ എത്തിയത്. പ്രതിഷേധറാലി കടന്നുവരുന്ന പല പ്രധാന ജംക്‌ഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഇവരെ തടയാൻ പൊലീസ് ശ്രമം നടത്തി. എന്നാൽ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തെത്തി പ്രതിഷേധയോഗവും നടത്തിയാണ് മടങ്ങിയത്. കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ടങ്സ്റ്റൺ ഖനനം അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.