പ്രതിഷേധങ്ങൾക്കിടെ 44 വഴിയോരക്കടകൾ അധികൃതർ ഒഴിപ്പിച്ചു
Mail This Article
മൂന്നാർ ∙ പ്രതിഷേധങ്ങൾക്കിടെ വൻ പൊലീസ് സന്നാഹത്തിൽ, കൊച്ചി - ധനുഷ് കോടി ദേശീയപാതയിലെ ചിത്തിരപുരം രണ്ടാം മൈലിലെ വഴിയോരക്കടകൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റി. രണ്ടാം മൈൽ മുതൽ പള്ളിവാസൽ മൂലക്കട വരെയുള്ള 44 വഴിയോരക്കടകളാണ് ഇന്നലെ റവന്യു, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലിൽ യന്ത്രസഹായത്തോടെ പൊളിച്ചുനീക്കിയത്. വഴിയോരക്കടകൾ പൊളിച്ചുമാറ്റണമെന്നുള്ള കോടതി വിധിക്കെതിരെ കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.ഇതിനെതിരെ തങ്ങളുടെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് ഇവർ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.
ഹർജി തള്ളിയ ഹൈക്കോടതി പള്ളിവാസൽ പഞ്ചായത്തിലെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി ജനുവരി 15നകം റിപ്പോർട്ട് നൽകണമെന്നും വീണ്ടും ഇതേ സ്ഥലത്ത് വഴിയോരക്കടകൾ സ്ഥാപിച്ചാൽ ശക്തമായ നടപടിയെടുക്കണമെന്നും കോടതി കലക്ടർ, സബ് കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. ഇതെത്തുടർന്നാണ് ഇന്നലെ ആർഡിഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് സിൽവി കുഞ്ഞച്ചൻ, സ്പെഷൽ തഹസിൽദാർ ആർ.ഹരികുമാർ, ഡിവൈഎസ്പി അലക്സ് ബേബി, എസ്എച്ച്ഒ രാജൻ കെ.അരമന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, അഗ്നിരക്ഷാസേന, പള്ളിവാസൽ പഞ്ചായത്തധികൃതർ, ഭൂസംരക്ഷണ സേനാംഗങ്ങൾ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഒഴിപ്പിക്കൽ നടത്തിയത്.
ഒഴിപ്പിക്കലിനെത്തിയ സംഘത്തിനു നേരെ ഒരു വിഭാഗം കടക്കാർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് തടഞ്ഞതോടെ ഇവർ മടങ്ങി. കുറച്ചുപേർ തങ്ങളുടെ പെട്ടിക്കടകൾ സ്വയം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. മാറ്റാൻ തയാറാകാതിരുന്ന കടകൾ യന്ത്രസഹായത്തോടെ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി. മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വഴിയോര കച്ചവടങ്ങൾ പൊളിച്ചുമാറ്റി 7 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഒരു മാസം മുൻപ് കോടതി ഉത്തരവിട്ടിരുന്നു. മൂന്നാറിലെ വഴിയോരക്കടകളുടെ ഒഴിപ്പിക്കൽ നടപടികൾ അടുത്ത ദിവസവും തുടരുമെന്നാണ് സൂചന.