കുറച്ചു ദിവസം സമാധാനമുണ്ടായിരുന്നു; കാന്തല്ലൂരിൽ വീണ്ടും കാട്ടാനകൾ
Mail This Article
മറയൂർ ∙ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞദിവസം രാത്രി കാന്തല്ലൂരിൽ കാട്ടാനകളെത്തി കൃഷികൾ നശിപ്പിച്ചു. കാന്തല്ലൂർ ഗ്രാമത്തിനു സമീപം പുതുക്കാട് ഭാഗത്ത് ഭാഗ്യലക്ഷ്മി ശശിയുടെ സ്ട്രോബറി കൃഷിയും തൊട്ടടുത്ത് വെളുത്തുള്ളി ബീൻസ് ഉൾപ്പെടെയുള്ള കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 3 മാസത്തിനു മുൻപ് തുടർച്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തിയതിന്റെ ഫലമായി ആനകളെ കാട്ടിലേക്ക് ഓടിച്ചിരുന്നു.
തുടർന്ന് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വേലി നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ഇതുവരെയും ഒന്നും ചെയ്തിട്ടില്ല.വേലി നിർമാണത്തിനായി കരാർ നൽകാൻ തീരുമാനിച്ചെങ്കിലും ആരും തന്നെ കരാർ എടുക്കാൻ തയാറാകുന്നില്ല എന്നാണ് വനംവകുപ്പിന്റെ വാദം.
പ്രദേശത്ത് ഒരു മാസത്തിനു മുൻപാണ് കൃഷി ഇറക്കിയത്. ഒരു മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന പാകമാണിപ്പോൾ. ഈ സമയത്ത് കാട്ടാന എത്തിയത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അടിയന്തരമായി വനം വകുപ്പ് ആനകളെ വനത്തിൽ തന്നെ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് കാന്തല്ലൂരിലെ ജനപ്രതിനിധികളും ജനകീയ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു.