കൽത്തൊട്ടിക്ക് പോകേണ്ടവർ ഈ ബോർഡ് നോക്കല്ലേ !
![kalthotty-name-board-mistake മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടിലെ ഇരുപതേക്കറിൽനിന്ന് വള്ളക്കടവ് ഭാഗത്തേയ്ക്കുള്ള റോഡിനു സമീപം കൽത്തൊട്ടി എന്ന് തെറ്റായി രേഖപ്പെടുത്തി സ്ഥാപിച്ചിരിക്കുന്ന സ്ഥലസൂചനാ ബോർഡ്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2025/1/9/kalthotty-name-board-mistake.jpg?w=1120&h=583)
Mail This Article
കട്ടപ്പന ∙ മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥല സൂചനാ ബോർഡ് യാത്രക്കാരുടെ വഴിതെറ്റിക്കുന്നു. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന കട്ടപ്പന-കുട്ടിക്കാനം പാതയിലെ ഇരുപതേക്കറിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് ദുരിതമാകുന്നത്. ഇരുപതേക്കർ ജംക്‌ഷനിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്കും വള്ളക്കടവിലേക്കും റോഡുകളുണ്ട്. എന്നാൽ വള്ളക്കടവിനു തിരിയുന്ന ഭാഗത്തേക്ക് കൽത്തൊട്ടി എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇരുപതേക്കറിൽനിന്ന് 1.3 കിലോമീറ്റർ അകലെ നരിയമ്പാറയിൽനിന്നാണ് കൽത്തൊട്ടിക്ക് തിരിയേണ്ടത്. ഈ സ്ഥല സൂചനയാണ് ഇരുപതേക്കറിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
കട്ടപ്പനയിൽനിന്ന് വരുന്ന ഭാഗത്തും നരിയമ്പാറയിൽ കട്ടപ്പനയിലേക്കുള്ള ഭാഗത്തും സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലാണ് സ്ഥലപ്പേരുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. നരിയമ്പാറയിൽനിന്ന് കുറഞ്ഞ ദൂരത്തിൽ വെള്ളിലാംകണ്ടത്തേക്ക് എത്താൻ സ്വർണവിലാസം-കൽത്തൊട്ടി റൂട്ടിലൂടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ്. കൽത്തൊട്ടിയെന്ന പേര് ഒന്നേകാൽ കിലോമീറ്റർ മുൻപ് തെറ്റായി രേഖപ്പെടുത്തിവച്ചിരിക്കുന്നതിനാൽ യാത്രക്കാർ വഴിതെറ്റി വള്ളക്കടവിലേക്ക് എത്തുന്ന സ്ഥിതിയാണ്.
മറ്റു ചിലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കട്ടപ്പന സ്‌കൂൾകവലയിൽനിന്ന് പള്ളിക്കവലയിലേക്കുള്ള ബൈപാസ് റോഡ് സൂചിപ്പിച്ചുകൊണ്ട് 300 മീറ്ററിലേറെ അകലെ ഇരുപതേക്കർ ആശ്രമത്തിനു സമീപമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂൾ കവലയിലടക്കം നേരത്തേ സ്ഥാപിച്ചിട്ടുള്ള ബോർഡുകളോടു ചേർന്ന് വീണ്ടും മുന്നറിയിപ്പ് സ്ഥാപിച്ചതായും ആക്ഷേപമുണ്ട്.