പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ‘സ്ഥിതി ഗുരുതരം’; നടപടിയില്ല
Mail This Article
കട്ടപ്പന ∙ മെഡിക്കൽ ഓഫിസർ ഇല്ല, പിഎസ്‌സിയുടെ 4 തസ്തികയിലും ഡോക്ടർമാരില്ല, ജോലിയിലുള്ളവർക്ക് നിന്നുതിരിയാൻ സമയവുമില്ല; വണ്ടൻമേട് പഞ്ചായത്ത് മേഖലയിലുള്ളവരുടെ ഏക ആശ്രയമായ പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയാണിത്. ആകെയുള്ള 4 ഡോക്ടർമാരുടെ തസ്തികയിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 2 പേർ അവധിയിലുമാണ്.
എൻഎച്ച്എമ്മിൽനിന്ന് നിയമിച്ചിരിക്കുന്ന ഒരു ഡോക്ടറും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽനിന്ന് സായാഹ്ന ഒപിയിലേക്ക് നിയോഗിച്ചിട്ടുള്ള ഒരാളുമാണ് നിലവിൽ ഈ ആശുപത്രിയിലുള്ളത്. കൂടാതെ എൻഎച്ച്എമ്മിൽനിന്ന് ഒരു ഡോക്ടറുടെ സേവനം ആഴ്ചയിൽ 3 ദിവസം ലഭ്യമാക്കുന്നുണ്ട്.ദിവസേന 300 പേരിലേറെ പ്രഭാത ഒപിയിൽ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. നിലവിലുള്ള ഡോക്ടർമാർക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ സായാഹ്ന ഒപിയിലേക്ക് നിയോഗിച്ചിട്ടുള്ള ഡോക്ടറുടെ സേവനവും പലപ്പോഴും പ്രഭാത ഒപിയിൽ പ്രയോജനപ്പെടുത്തുന്നു.
അത്തരം ദിവസങ്ങളിൽ സായാഹ്ന ഒപി പ്രവർത്തിക്കുന്നില്ല. നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ്. ഡോക്ടർമാരുടെ കുറവുമൂലം സബ് സെന്ററുകളിലും മറ്റും നടക്കുന്ന കുത്തിവയ്പുകൾ പോലും നടത്താനാകുന്നില്ല. അവധി ദിവസങ്ങളിലടക്കമാണ് ഇത്തരം ക്യാംപുകൾ ക്രമീകരിക്കുന്നത്. കിടത്തിച്ചികിത്സ ഉണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് അതിനെയും ബാധിക്കുന്നു.എക്‌സ്-റേ യൂണിറ്റ് ഉണ്ടെങ്കിലും റേഡിയോഗ്രഫർ ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. റേഡിയോഗ്രഫറുടെ തസ്തിക ഇല്ലാത്തതിനാൽ ജോലിക്രമീകരണ വ്യവസ്ഥയിൽ ഒരാളെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചതോടെ സേവനം ലഭിക്കാതായി. പകരം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
10 കിടക്കകളുള്ള ആധുനിക മെഡിക്കൽ സൗകര്യങ്ങളോടു കൂടിയ ഐസലേഷൻ വാർഡ് 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രയോജനപ്രദമാക്കിയിട്ടില്ല. അതിന്റെ സീലിങ് പൊളിഞ്ഞുവീണിട്ട് മാസങ്ങളായെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല.ഈ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതെ വന്നതോടെ മാസങ്ങൾക്കു മുൻപ് പൗരസമിതി രൂപീകരിച്ച് സമരം നടത്തിയിരുന്നു.
തുടർന്ന് എം.എം.മണി എംഎൽഎ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുകയും 4 ഡോക്ടർമാരെ നിയമിച്ചതായി അറിയിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും പഴയ സ്ഥിതിയായതോടെ ജനം കടുത്ത പ്രതിഷേധത്തിലാണ്. ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സാഹചര്യമാണെന്നും അടിയന്തര നടപടിയുണ്ടാകാത്തപക്ഷം സമരം ആരംഭിക്കുമെന്നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി അറിയിച്ചു.