പ്രളയത്തിൽ തകർന്ന പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡിൽ നാട്ടുകാർക്ക് ദുരിത യാത്ര
Mail This Article
അടിമാലി ∙ പ്രളയത്തിൽ തകർന്ന പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡിൽ നാട്ടുകാർക്ക് ദുരിത യാത്ര. 2018ൽ ഉണ്ടായ പ്രളയത്തിലാണ് റോഡ് തകർന്നത്. മാങ്കുളത്തെ ഏക സർക്കാർ സ്കൂൾ പ്രവർത്തിച്ചുവരുന്ന ചിക്കണാംകുടി, കള്ളക്കുട്ടികുടി, സുബ്രഹ്മണ്യൻകുടി, സിങ്കുകുടി തുടങ്ങി 4 ആദിവാസി സങ്കേതങ്ങളിലേക്കും 3 വാർഡുകളിലെ മറ്റ് ജനവിഭാഗങ്ങളുടെയും യാത്ര 7 വർഷമായി ദുരിതത്തിലാണ്. പുനർനിർമാണത്തിന് നടപടികൾ വൈകിയതോടെ ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസുകൾ നിലച്ചു. കാൽനട യാത്രയും ദുരിതത്തിലാണ്. ഇത്രയേറെ ദുരിതം സമ്മാനിച്ചിട്ടും ജനപ്രതിനിധികൾ ഇടപെടുന്നില്ല. 2018ൽ തകർന്ന റോഡിന് 4 വർഷം മുൻപ് റീ–ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 3.70 കോടി അനുവദിച്ച് നിർമാണ ജോലികൾ ആരംഭിച്ചെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് പണികൾ പുരോഗമിച്ചത്.
ഇടയ്ക്കിടെ നിർമാണ ജോലികൾ നിർത്തിവയ്ക്കും. വീണ്ടും തുടങ്ങും. നിർത്തിവയ്ക്കും. ഈ സമീപനമാണ് കരാറുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.4 വർഷത്തെ നിർമാണ ജോലികളുടെ ഫലമായി എർത്ത് വർക്ക്, കലുങ്ക്, സംരക്ഷണ ഭിത്തി, സോളിങ് ജോലികൾ വരെ ഭാഗികമായി നടത്തി കരാറുകാരൻ പണികൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനിയിപ്പോൾ ഉടൻ പണികൾ നടത്താനാകില്ലെന്ന നിലപാടാണ് കരാറുകാരൻ സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വിദ്യാർഥികൾ ദുരിതത്തിൽ
ചിക്കണാംകുടി ഗവ. എൽപി സ്കൂൾ, മാങ്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് റോഡിന്റെ ശോചനീയവസ്ഥയെ തുടർന്ന് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ചിക്കണാംകുടി ഉൾപ്പെടെയുള്ള വിവിധ ആദിവാസി മേഖലയിൽനിന്ന് മാങ്കുളത്ത് പഠനത്തിന് എത്തുന്ന കുട്ടികൾ കാൽനടയായി സഞ്ചരിച്ചാണ് എത്തുന്നത്. ഇതോടൊപ്പം ചിക്കണാംകുടി സ്കൂളിലേക്ക് എത്തുന്ന കുട്ടികളും അധ്യാപകരും കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റും ആദിവാസി– പിന്നാക്ക ജനവിഭാഗങ്ങൾ ഏറെ കഷ്ടപ്പാടാണ് സഹിക്കേണ്ടിവരുന്നത്.
കരാറുകാരന് 1.65 കോടി നൽകി
3.70 കോടി രൂപയ്ക്കാണ് സ്വകാര്യ വ്യക്തി 4 വർഷം മുൻപ് കരാർ ഏറ്റെടുത്തിരുന്നത്. പണികൾ നടത്തുന്നതനുസരിച്ച് പാർട്ട് ബില്ലുകൾ ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. 1.65 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്ന് റി–ബിൽഡ് കേരള അധികൃതർ പറഞ്ഞു. ടാറിങ് ജോലികളും ഐറിഷ് ഓടയുടെ നിർമാണവുമാണ് ഇനി നടത്തേണ്ടത്. കരാറുകാരന്റെ സാമ്പത്തിക പരാധീനതകളാണ് പണികൾ വൈകാൻ കാരണമത്രെ. ഇദ്ദേഹം പണികൾ പൂർത്തീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പണികൾ ആരംഭിക്കുന്ന ദിവസം അറിയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.