വഴിയോര കട ഒഴിപ്പിക്കലിൽ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാർ
Mail This Article
മൂന്നാർ ∙ മേഖലയിലെ വഴിയോര കടകൾ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചിട്ടും നടപടികൾ പൂർത്തിയാകാത്തതിനെതിരെ വിമർശനവുമായി നാട്ടുകാർ. ദേവികുളം, മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളിലെ വഴിയോര കടകൾ മുഴുവൻ ഒഴിപ്പിച്ച് 6 ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് 2 മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൽ പള്ളിവാസൽ പഞ്ചായത്ത് മാത്രമാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഒഴിപ്പിക്കൽ നടപടികളുമായി പഞ്ചായത്ത് സഹകരിക്കേണ്ട എന്ന് മൂന്നാർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ ഭരണസമിതിയുടെ ഈ തീരുമാനത്തെ ഉദ്യോഗസ്ഥർ പിന്തുണച്ചാൽ അത് കോടതി അലക്ഷ്യമാകുമെന്നാണ് കരുതുന്നത്. വഴിയോര കടകൾ നീക്കുന്നതിന് ദേവികുളം പഞ്ചായത്ത് അനുകൂല തീരുമാനമാണെന്നാണ് സൂചന.
വഴിയോര കച്ചവടക്കാരും മൂന്നാർ, പള്ളിവാസൽ സ്വദേശികളുമായ 25 പേർ തങ്ങളുടെ ഉപജീവനമാർഗമായ വഴിയോര കടകൾ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ 2 വ്യത്യസ്ത ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഇവ പൊളിക്കാൻ ഉത്തരവിട്ടത്. ദേശീയ, സംസ്ഥാന പാതയോരങ്ങൾ കയ്യേറി നടത്തുന്ന വഴിയോര കടകൾക്ക് 2014ലെ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് പ്രകാരം യാതൊരു വിധ സംരക്ഷണത്തിനും പുനരധിവാസത്തിനും അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വഴിയോര കച്ചവടക്കാരുടെ ഹർജികൾ തള്ളിയത്. നവംബർ ആദ്യവാരം മൂന്നാറിൽ കലക്ടറുടെ നിർദേശപ്രകാരം വഴിയോര കടകൾ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. നാലു ദിവസം കൊണ്ട് നൂറിലധികം കടകൾ ഒഴിപ്പിച്ചു. എന്നാൽ വിവിധ രാഷ്ട്രീയ സംഘടനകൾ ഒഴിപ്പിക്കലിനെതിരെ രംഗത്തെത്തിയതോടെ നടപടികൾ നിർത്തിവച്ചു. തുടർന്നാണ് വഴിയോര കച്ചവടക്കാർ കോടതിയെ സമീപിച്ചത്.
വഴിയോര കച്ചവടക്കാർ നൽകിയ ഹർജിയിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാർ യൂണിറ്റും കക്ഷി ചേർന്നിരുന്നു. ആദ്യ ഹർജി തള്ളിയതിനെ തുടർന്ന് വഴിയോര കച്ചവടക്കാർ രണ്ടാമതും നൽകിയ ഹർജി തള്ളിയതോടെയാണ് ബുധനാഴ്ച പള്ളിവാസൽ പഞ്ചായത്തിലെ 44 വഴിയോര കടകൾ നീക്കം ചെയ്തത്. എന്നാൽ ദേവികുളം, മൂന്നാർ പഞ്ചായത്തുകളിലെ വഴിയോര കടകൾ ഒഴിപ്പിക്കുന്ന നടപടികൾ ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ ആരംഭിക്കുമെന്ന് ഒഴിപ്പിക്കൽ ചുമതലയുള്ള മുതിർന്ന റവന്യു ഉദ്യോഗസ്ഥൻ പറഞ്ഞു.