എന്തൊരു തോന്ന്യാസമാണ്; വഴിയോരക്കടയ്ക്ക് സമീപം കോഴിമാലിന്യം തള്ളി
Mail This Article
ബൈസൺവാലി ∙ ബൈസൺവാലി ഒറ്റമരത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ വഴിയോരക്കടയുടെ സമീപം കോഴിമാലിന്യം തള്ളിയതായി പരാതി. മറ്റ് കടകളാെന്നുമില്ലാത്ത ഒറ്റമരത്ത് 2 മാസം മുൻപാണ് ഇരുപതേക്കറിലെ ഭാവന കുടുംബശ്രീയുടെ സഹായത്തോടെ ഒരു നിർധന കുടുംബം വഴിയോരക്കട തുടങ്ങിയത്. ഒറ്റമരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർക്കും റിസോർട്ടുകളിൽ താമസിക്കാനെത്തുന്ന സഞ്ചാരികൾക്കും ഇത് പ്രയോജനകരമായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ കടയുടെ സമീപം കോഴി മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. ഇതോടെ ദുർഗന്ധംമൂലം ആളുകൾക്ക് ഇവിടേക്കു വരാൻ കഴിയുന്നില്ല. റോഡിന്റെ ഒരു വശത്തുള്ള ഏലത്തോട്ടം ഉടമയാണ് കോഴി വിസർജ്യം ഇവിടെ തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഏലത്തോട്ടത്തിന് നടുവിൽ ചട്ടം ലംഘിച്ച് റിസോർട്ട് നടത്തുന്ന ഉടമ വഴിയോരക്കട നീക്കം ചെയ്യണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്കെതിരെ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരിക്കുകയാണ് വഴിയോരക്കട നടത്തിപ്പുകാരിയായ വീട്ടമ്മ.