മൂന്നാറുകാർ മാന്യമായി പെരുമാറണമെന്ന് എം.എം.മണി; സിപിഎം–സിപിഐ പോര് രൂക്ഷം
Mail This Article
മൂന്നാർ ∙ മൂന്നാർ മേഖലയിൽ സിപിഎം- സിപിഐ പോര് രൂക്ഷമാകുന്നു. എം.എം.മണിയെ വിമർശിച്ച സിപിഐ മണ്ഡലം സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തി. എം.എം.മണിയെന്ന നേതാവിനെ ആക്ഷേപിക്കാൻ മണ്ഡലം സെക്രട്ടറിയായ ടി.ചന്ദ്രപാൽ വളർന്നിട്ടില്ലെന്നു സിപിഎം ഏരിയ സെക്രട്ടറി ആർ.ഈശ്വരനടക്കമുള്ളവർ പറഞ്ഞു.
പാർട്ടി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന വികസന സെമിനാറിൽ പ്രസംഗിച്ച എം.എം.മണി, മൂന്നാറിലേക്ക് സഞ്ചാരികളെത്തുന്നതിനു മേഖലയിലുള്ളവർ മാന്യമായി പെരുമാറണമെന്ന് പറഞ്ഞതു വളച്ചൊടിച്ചാണു ചന്ദ്രപാൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത്.
നാടിന്റെ വികസനത്തിനു വേണ്ടിയാണ് അദ്ദേഹം അത്തരത്തിൽ പറഞ്ഞതെന്നും മൂന്നാറുകാർ മോശക്കാരാണെന്ന് എം.എം.മണി പറഞ്ഞുവെന്ന തരത്തിൽ പ്രചാരണം നടത്തി വിവാദമുണ്ടാക്കാനാണ് ചന്ദ്രപാൽ ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. മൂന്നാറുകാരെ അപ്പാടെ ആക്ഷേപിച്ചുവെന്ന തരത്തിലാണ് പ്രചാരണം. എൽഡിഎഫിലെ പ്രധാന ഘടക കക്ഷിയായ സിപിഐയുടെ മുതിർന്ന നേതാക്കൾ അറിഞ്ഞുള്ള പ്രസ്താവനയല്ലിത്. എം.എം.മണിയുടെ കൊച്ചുമകന്റെ പ്രായം മാത്രമുള്ള ചന്ദ്രപാൽ സിപിഎമ്മിന്റെ വളർച്ചയിൽ വിറളിപൂണ്ടാണ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്.
എൽഡിഎഫിന്റെ എല്ലാ ആനുകൂല്യങ്ങളും കൂടെ നിന്നു കൈവശപ്പെടുത്തിയ ശേഷമാണ് ചന്ദ്രപാൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.കെ.വിജയൻ, എം.ലക്ഷ്മണൻ, സുശീല ആനന്ദ് എന്നിവർ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്നാർ, കാന്തല്ലൂർ, ദേവികുളം, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭരണങ്ങൾ മാറുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും മറ്റ് പ്രാദേശിക പ്രശ്നങ്ങളിലും ഇരു പാർട്ടി നേതൃത്വങ്ങളും തമ്മിൽ ഭിന്നത രൂക്ഷമാണ്. ചില സിപിഎം നേതാക്കളും കോൺഗ്രസ് നേതാക്കളും തമ്മിൽ ഒട്ടേറെ തവണ പല സ്ഥലങ്ങളിൽ വച്ച് രഹസ്യകൂടിക്കാഴ്ചകൾ നടത്തുന്നതിനെതിരെ ചില സിപിഐ നേതാക്കൾ അടുത്തയിടെ രംഗത്തെത്തിയിരുന്നു.