മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറുകൾ കൂട്ടിയിടിച്ചു; യുവാക്കൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
Mail This Article
മൂന്നാർ ∙ വിനോദ സഞ്ചാരികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് മൂന്നാർ - വട്ടവട റോഡിൽ കുണ്ടള ഡാമിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. വട്ടവട സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന തൃശൂർ സ്വദേശികളുടെ കാറും മൂന്നാറിൽനിന്നു ടോപ് സ്റ്റേഷനിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരായ യുവാക്കൾ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വാഹനങ്ങൾ അമിതവേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂർ നേരം തടസ്സപ്പെട്ടു. രാവിലെ ടോപ് സ്റ്റേഷൻ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടേതടക്കം ഒട്ടേറെ വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. നാട്ടുകാർ ഇടപെട്ട് വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.