മൂന്നാറിലെ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താൻ നടപടി; പരിശോധനയ്ക്ക് തുടക്കം
Mail This Article
മൂന്നാർ ∙ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായി പഞ്ചായത്തധികൃതർ പരിശോധന തുടങ്ങി. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് മൂന്നാറിൽ പഞ്ചായത്ത് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് സ്ഥാപനത്തിന് സർക്കാർ അനുശാസിക്കുന്ന ഒരു ലൈസൻസുകളോ കെട്ടിട നമ്പറോ ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുന്നത്.
ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് കലക്ടറുടെ നിർദേശപ്രകാരം മേഖലയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി, ഓരോന്നും പ്രവർത്തിക്കുന്നതിനാവശ്യമായ ലൈസൻസുകൾ എടുക്കണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി കത്തു നൽകും.
സമയപരിധി കഴിഞ്ഞിട്ടും ലൈൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ വിവിധ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിൽക്കുന്ന നൂറിലേറെ സ്ഥാപനങ്ങളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.