പ്രചാരണ ബോർഡുകളിൽ കമ്യൂണിസ്റ്റ് ആചാര്യന്മാരെ ഉൾപ്പെടുത്തിയില്ലെന്ന് പരാതി
![idukki-cpm-flex-board സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊടുപുഴ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2025/1/11/idukki-cpm-flex-board.jpg?w=1120&h=583)
Mail This Article
തൊടുപുഴ ∙ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകളിൽനിന്നു കമ്യൂണിസ്റ്റ് ആചാര്യന്മാരെ പുറത്താക്കിയെന്ന് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, അന്തരിച്ച നേതാക്കളായ സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളാണ് വലുപ്പത്തിൽ കൊടുത്തിരിക്കുന്നത്. ഒപ്പം സമ്മേളനത്തിന് എത്തുന്ന മന്ത്രിമാരുടെയും സംസ്ഥാന നേതാക്കളുടെയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മുൻകാല സമ്മേളനങ്ങളിൽ ബാനറുകളിലും പ്രചാരണ രേഖകളിലും കമ്യൂണിസ്റ്റ് ആചാര്യന്മാരായ മാർക്സ്, എങ്ഗൽസ്, സ്റ്റാലിൻ, ലെനിൻ തുടങ്ങിയവരുടെയും ഇഎംഎസ്, എ.കെ.ഗോപാലൻ, ഇ.കെ.നായനാർ തുടങ്ങിയവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ രീതി ഇത്തവണ ഒഴിവാക്കിയെന്നാണ് ആരോപണം. ഇത്തരം പ്രവൃത്തി ആദ്യമായാണെന്നാണു പഴയകാല പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇതു പഴയകാല സിപിഎം അണികളിൽ വ്യാപകപ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് മാറി ആധുനിക യുഗത്തിലെ പ്രവണതകളിലേക്കു പാർട്ടി നേതാക്കൾ വ്യതിചലിച്ചതിന്റെ പ്രകടമായ ഉദാഹരണമാണ് ഇതെന്നാണ് ഇവർ ആരോപിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യച്ചൂരി എന്നിവരുടെ പേരുള്ള നഗറുകളിലാണു സമ്മേളനം നടക്കുന്നതെന്നും അതിനാലാണ് പ്രചാരണം ഇത്തരത്തിലാക്കിയതെന്നുമാണു നേതാക്കളുടെ വിശദീകരണം.