ജല അതോറിറ്റീ, ഇതൊന്നും കാണുന്നില്ലേ? കെകെആർ ജംക്‌ഷനിൽ പൈപ്പ് പൊട്ടിയിട്ട് 4 ദിവസം
Mail This Article
തൊടുപുഴ ∙ തൊടുപുഴ – മങ്ങാട്ടുകവല മെയിൻ റോഡിലെ കെകെആർ ജംക്‌ഷനിൽ ജലഅതോറിറ്റിയുടെ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം ലീറ്റർ കണക്കിന് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് 4 ദിവസമായിട്ടും അധികൃതർക്ക് അനക്കമില്ല. റോഡിനു നടുവിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അതിനാൽ വെള്ളം ഒഴുകുന്നത് ഭൂരിഭാഗവും കടകൾക്കു മുന്നിലൂടെയാണ്. ഇത് വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കൂടാതെ വലിയ തോതിൽ വെള്ളം പാഴാകുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ വെള്ളം കടകളിലേക്കു മാത്രമല്ല കാൽനടയാത്രക്കാരുടെ ദേഹത്തും തെറിക്കുന്നതിനാൽ ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരി പാത ബൈപാസ് റോഡിലേക്കു തിരിയുന്നതും ജംക്‌ഷനിൽനിന്ന് ആയതിനാൽ രാപകൽ വ്യത്യാസമില്ലാതെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുക. അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ രാവിലെ നാട്ടുകാർ ചേർന്ന് പൈപ്പ് പൊട്ടിയ ഭാഗത്ത് വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
അതേസമയം ജല അതോറിറ്റി പൈപ്പ് ശരിയാക്കാൻ തയാറാണെങ്കിലും പിഡബ്ല്യുഡി അധികൃതർ റോഡ് പൊളിക്കാനുള്ള അനുമതി നൽകാൻ തയാറാകാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ പറഞ്ഞു. വകുപ്പ് അധികൃതർ തമ്മിലുള്ള പഴിചാരൽ കാരണം നിലവിൽ ദുരിതത്തിലായിരിക്കുന്നത് ജനങ്ങളാണ്.