ഓർമകൾക്ക് സല്യൂട്ട്; ജില്ലാ പൊലീസ് മുൻ മേധാവിയുടേത് അപ്രതീക്ഷിത മരണം
Mail This Article
തൊടുപുഴ ∙ എപ്പോഴും പുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിച്ചിരുന്ന ജില്ലാ പൊലീസ് മുൻ മേധാവി കെ.വി.ജോസഫിന്റെ അപ്രതീക്ഷിത വേർപാട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കണ്ണീരോർമയായി. തൊടുപുഴയിൽ എസ്ഐ, സിഐ, ഡിവൈഎസ്‌പി തുടങ്ങിയ നിലകളിൽ വിവിധ ഘട്ടങ്ങളിലായി വർഷങ്ങളോളം സർവീസിലുണ്ടായിരുന്ന ജോസഫിന് ഈ മേഖലയിൽ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ഇതിനിടെ വിജിലൻസ് ഡിവൈഎസ്‌പിയായും കോട്ടയം വിജിലൻസ് എസ്‌പിയായും പ്രവർത്തിച്ചു. 2015 –16 കാലഘട്ടത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായത്.
മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം ഒത്തു തീർപ്പാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയിൽ സൗമ്യമായ ഇടപെടലുകളിലൂടെ ബന്ധപ്പെടുന്നവർക്ക് മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. സഹപ്രവർത്തകരോടും ഇദ്ദേഹത്തിന്റെ പെരുമാറ്റം വളരെ സൗമ്യമായ നിലയിലായിരുന്നു.
ഈരാറ്റുപേട്ട പെരുന്നിലം സ്വദേശിയായ ജോസഫ് അരുവിത്തുറ കോളജിലാണ് പ്രീഡിഗ്രി പഠനം നടത്തിയത്. പാലാ സെന്റ് തോമസ് കോളജിൽ ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കുമ്പോൾ കോളജിലെ വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു. തൃശൂർ പൊലീസ് അക്കാദമിയിൽ അസി. ഡയറക്ടറായി 2017ൽ വിരമിച്ചു. നല്ലൊരു കൃഷിക്കാരനായിരുന്നു കെ.വി.ജോസഫ്. വിരമിച്ചതിനു ശേഷം അറക്കുളത്ത് തന്റെ കൃഷിയിടത്തിൽ എല്ലാത്തരം കൃഷികളും ചെയ്തിരുന്നു.
പക്ഷിമൃഗാദികളും മീൻ കൃഷിയും എല്ലാം ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ഇതെല്ലാം നോക്കി നടത്തിയിരുനനത് ജോസഫ് ആയിരുന്നു. വ്യാഴാഴ്ച രാവിലെ നടക്കുന്നതിനിടെ കുഴഞ്ഞ് വീണായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് 3ന് അറക്കുളത്തുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ 11ന് വസതിയിൽ ആരംഭിച്ച് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ.