ക്രാഷ് ബാരിയർ വയ്ക്കാൻ ഇത്രയും വളവ് പോരേ?

Mail This Article
അടിമാലി ∙ അടിമാലി– കുമളി ദേശീയ പാതയിൽ കത്തിപ്പാറയ്ക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവിൽ ക്രാഷ് ബാരിയർ ഇല്ലാത്തത് അപകടഭീതി ഉയർത്തുന്നു. പാതയുടെ ചെരുവിൽനിന്നിരുന്ന മരങ്ങളും മറ്റും കൃഷി ആവശ്യത്തിനായി അടുത്ത നാളിൽ മുറിച്ചുമാറ്റിയിരുന്നു.
ഇതോടെയാണ് ഇവിടെ പതിയിരിക്കുന്ന അപകടക്കെണി പുറംലോകത്തിന് ബോധ്യപ്പെട്ടത്.ഇറക്കത്തോടും വളവോടും കൂടിയ 200 മീറ്ററോളം ദൂരത്തിലാണ് അപകടാവസ്ഥ നിലനിൽക്കുന്നത്. അപകടത്തിന് കാത്തുനിൽക്കാതെ ദേശീയപാതാ അധികൃതർ അടിയന്തരമായി ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് ജോലികൾ നടന്നിട്ടുള്ളതിനാൽ അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.എന്നാൽ പാതയ്ക്ക് വേണ്ടത്ര വീതിയില്ലാത്തതും കൊടും വളവും ഇറക്കവും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടി നീളുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.