സമ്മിശ്ര കൃഷിയിൽ വിജയം; ജോണിയുടെ പറമ്പിൽ വിളയാത്തതൊന്നുമില്ല

Mail This Article
അറുപത്തെട്ടാം വയസ്സിൽ സമ്മിശ്ര കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് ഉടുമ്പന്നൂർ മഞ്ചിക്കല്ല് മുതലക്കുഴിയിൽ വീട്ടിൽ ജോണി തോമസ്. ജാതി, റബർ, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പച്ചക്കറി, വാഴ, റംബുട്ടാൻ, മീൻ, തേനീച്ച എന്നിവയാണ് ജോണിയുടെ പ്രധാന കൃഷിയിനങ്ങൾ.
ആകെ 5 ഏക്കറിലാണ് കൃഷി. ഇതിൽ റബർ, കൊക്കോ എന്നിവ മാത്രം രണ്ടര ഏക്കറിലും മറ്റുള്ളവയെല്ലാം ബാക്കി രണ്ടര ഏക്കറിലുമാണു കൃഷിചെയ്യുന്നത്. പൂർണമായി ജൈവ കൃഷിരീതിയാണ് പിന്തുടരുന്നത്. പരമ്പരാഗത കർഷകനായ ജോണി 8 വർഷമായി ജൈവ കൃഷിരീതി തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായി ഒരു വർഷം മുൻപ് ജൈവകൃഷി സർട്ടിഫിക്കറ്റ് കോഴ്സും പാസായി. ജീവാമൃതം, എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, കോഴിവളം, മണ്ണിര കംപോസ്റ്റ്, ചാണകം എന്നിവയാണ് പ്രധാനമായി ഉപയോഗിക്കുന്ന വളങ്ങൾ.
വീട്ടുവളപ്പിനോടു ചേർന്ന് ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലെയറിങ് എന്നിവയുടെ നഴ്സറിയും നടത്തുന്നുണ്ട്. കൃഷിയിലെ 90% പണികളും ജോണിയും ഭാര്യ എൽസിയും ചേർന്നാണു ചെയ്യുന്നത്. കൃഷി പരിപാലനം ഏറെയും രാവിലെയും വൈകിട്ടുമാണ്. മക്കളും കൃഷിയിൽ പൂർണ പിന്തുണയാണ് നൽകുന്നത്.