കട്ടമുടിക്കുടി പാടശേഖരത്തിൽനിന്ന് കുഞ്ചിപ്പെട്ടി അരി വിപണിയിലേക്ക്

Mail This Article
അടിമാലി ∙ കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാൻഡിൽ വിപണിയിലെത്തും. ബ്രാൻഡ് ചെയ്ത അരിയുടെ ആദ്യ പാക്കറ്റ് മന്ത്രി ഒ.ആർ.കേളു പാടശേഖരസമിതി പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. അരിയുടെ ലോഗോയും പ്രകാശനം ചെയ്തു.നെല്ല് വ്യാവസായിക അടിസ്ഥാനത്തിൽ സംസ്കരിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി പട്ടികവർഗ വികസന വകുപ്പ് ഉടൻ ആരംഭിക്കും. 2 മാസത്തിനുള്ളിൽ അരി വിപണിയിൽ ലഭ്യമാകും.

പാടശേഖരത്തെ യന്ത്രവൽക്കരിക്കുന്നതിന്റെ ഭാഗമായി 7 ലക്ഷം രൂപയുടെ വിവിധ കാർഷിക യന്ത്രങ്ങളുടെ പദ്ധതി ഉടൻ നടപ്പിലാക്കും. ഊരു മൂപ്പനും മുതുവാൻ സമുദായ സംഘടനാ സംസ്ഥാന പ്രസിഡന്റുമായ പാൽരാജ്, പാടശേഖരസമിതി പ്രസിഡന്റ് ജയേഷ് വനരാജൻ, മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് ജൂനിയർ സൂപ്രണ്ട് ആർ.അനൂപ്, ഹരിത കേരളം മിഷൻ പ്രോജക്ട് അസോഷ്യേറ്റ് എം.ജിഷ്ണു എന്നിവർ പങ്കെടുത്തു.
പച്ചക്കറിക്കൃഷി തുടങ്ങി
വിളവെടുപ്പ് പൂർത്തിയായ കുഞ്ചിപ്പെട്ടി കട്ടമുടിക്കുടി പാടശേഖരത്തിൽ വിപുലമായ വേനൽക്കാല പച്ചക്കറിക്കൃഷിക്ക് തുടക്കമായി. നെൽപാടങ്ങളിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. വിഷുവിപണി മുന്നിൽ കണ്ടുകൊണ്ട് കട്ടമുടിക്കുടി പാടശേഖരസമിതിയും പൊൻകതിർ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുന്നത്.