മാലിന്യ സംസ്കരണ യൂണിറ്റിനു ചുറ്റും ക്യാമറ; ആനക്കള്ളന്മാരെ പിടിക്കും
Mail This Article
മൂന്നാർ ∙ കാട്ടാന ആക്രമണവും മോഷണങ്ങളും പതിവായ നല്ലതണ്ണി കല്ലാറിലെ പഞ്ചായത്തുവക മാലിന്യ സംസ്കരണ യൂണിറ്റിനു ചുറ്റും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. 4 ലക്ഷം രൂപ ചെലവിട്ട് 16 ക്യാമറകളാണ് യൂണിറ്റിന് ചുറ്റും സ്ഥാപിക്കുന്നത്. മൂന്നാറിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ യൂണിറ്റിന് മുൻപ് കൂട്ടിയിടുന്നത് പതിവാണ്. ഇവ തിന്നാനെത്തുന്ന കാട്ടാനകൾ ശുചീകരണ തൊഴിലാളികളെ ആക്രമിക്കുന്നതും ആനകൾ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാനായി ഗേറ്റ്, കെട്ടിടത്തിന്റെ ഭിത്തികൾ എന്നിവ തകർക്കുന്നതും പതിവാണ്. കാട്ടാനകളുടെ സാന്നിധ്യം പതിവായതിനെ തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു.
മൂന്നാർ ടൗണിലെ പഞ്ചായത്ത് ഓഫിസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കാട്ടാനകൾ എത്തുന്നത് നിരീക്ഷണ ക്യാമറ വഴി അറിയുന്നതോടെ വിവരം വനം വകുപ്പിന് കൈമാറി സുരക്ഷ നടപടികൾ സ്വീകരിക്കും. ഇതു കൂടാതെ ശുചീകരണ പ്ലാന്റിൽ നടക്കുന്ന മോഷണങ്ങളും ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. പുതുതായി നിർമിക്കാൻ ലക്ഷ്യമിട്ട സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുമ്പ് സാമഗ്രികൾ ഉൾപ്പെടെയുള്ളവ ഒരു വർഷം മുൻപ് മോഷണം പോയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.