ദേശീയ മൗണ്ട് സൈക്ലിങ് ചാംപ്യൻഷിപ്പ്: തിളങ്ങാൻ സഹോദരങ്ങൾ

Mail This Article
തൊടുപുഴ ∙ ദേശീയ മൗണ്ട് സൈക്ലിങ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടി സഹോദരങ്ങൾ. തൊടുപുഴ പുതുപ്പരിയാരം കിഴക്കേൽ വീട്ടിൽ ദീപു ശങ്കർ–ഡി.ആർ.ദീപ ദമ്പതികളുടെ മക്കളായ ഡി.കെ.അർജുൻ, ഡി.കെ.ആരാധ്യ എന്നിവരാണ് സുവർണ നേട്ടം കൈവരിച്ചത്. ഇടവെട്ടി മാർതോമയിൽ നടന്ന സംസ്ഥാന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ദേശീയ മത്സരത്തിലേക്ക് വഴിയൊരുക്കിയത്. അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ അർജുൻ സ്വർണം നേടി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അർജുന്റെ മൂന്നാമത്തെ ദേശീയ മത്സരമാണിത്. 2024 ഡിസംബറിൽ ഒഡീഷയിലെ പുരിയിൽ നടന്ന ദേശീയ റോഡ് സൈക്ലിങ് മത്സരത്തിൽ ടീം ഇനത്തിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന സ്കൂൾ റോഡ് സൈക്ലിങ് മത്സരത്തിലും അർജുൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയ താരങ്ങളോടൊപ്പം മത്സരിച്ച് വെള്ളി മെഡൽ നേടിയാണ് 12 വയസ്സുള്ള ആരാധ്യ ദേശീയതലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. നെടിയശാല സെന്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൊടുപുഴ റോളിങ് ഹണ്ടേഴ്സ് ടീമിലെ പി.കെ.രാജേഷിന്റെ ശിക്ഷണത്തിലാണു ഇരുവരുടെയും പരിശീലനം. എന്നാൽ ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിക്കാനുള്ള സൈക്കിൾ ഇല്ല എന്നതാണ് ഇരുവരെയും വേദനിപ്പിക്കുന്നത്.
ഒരാൾക്കു രണ്ടര ലക്ഷം രൂപയുടെ സ്പോർട്സ് സൈക്കിൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇവരുടെ കുടുംബത്തിനില്ല. വയറിങ് ജോലിക്കാരനായ ദീപുവിൽ ആശ്രയിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. സൈക്കിൾ സ്പോൺസർ ചെയ്യാൻ തയാറായി ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഈ സഹോദരങ്ങൾ.