മുതിരപ്പുഴ ആറ്റിൽ വൻ മണൽ ശേഖരം; ലേലം ചെയ്യണ്ടേ? അനക്കമില്ലല്ലോ

Mail This Article
അടിമാലി ∙ കല്ലാർകുട്ടി അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റിസ്ഥാപിക്കലുമായി ബന്ധപ്പെട്ട് സ്ലൂയിസ് വാൽവ് വഴി വെള്ളം തുറന്നുവിട്ടതോടെ മുതിരപ്പുഴ ആറ്റിൽ വൻ മണൽ ശേഖരം. അണക്കെട്ടു മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് വൻ തോതിൽ മണൽ അടിഞ്ഞുകൂടിയത് മണൽ മാഫിയയ്ക്ക് ചാകരയായി മാറുകയാണ്.
മണൽ ലേലം ചെയ്തു വിൽപന നടത്തിയാൽ സർക്കാർ നടപടി സ്വീകരിച്ചാൽ ലക്ഷങ്ങൾ ഖജനാവിലേക്ക് മുതൽ കൂട്ടാൻ കഴിയുമെങ്കിലും ഇതിനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ല. കല്ലാർകുട്ടി അണക്കെട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണലിന്റെ ചെറിയൊരംശം മാത്രമാണ് ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് സ്ലൂയിസ് വാൽവ് വഴി പുറത്തേക്ക് ഒഴുകിയെത്തിയത്.
ഇത്തരം സാഹചര്യത്തിൽ അണക്കെട്ടിനുള്ളിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരിയെടുത്ത് വിൽപന നടത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അണക്കെട്ടിൽ അടിഞ്ഞുകിടക്കുന്ന മണലും ചെളിയും നീക്കം ചെയ്താൽ സംഭരണ ശേഷി കൂട്ടുന്നതിനും വൈദ്യുത ഉൽപാദനം വർധിപ്പിക്കുന്നതിനും ഇത് സഹായകരമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.
10 വർഷം മുൻപ് അണക്കെട്ടിൽ അടിഞ്ഞുകിടന്നിരുന്ന മണൽ റവന്യു– ജിയോളജി വകുപ്പുകളുടെ സഹകരണത്തോടെ പഞ്ചായത്ത് അധികൃതർക്ക് വാരി വിൽപന നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതെ തുടർന്ന് കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകൾ മണൽ വാരി വിൽപന നടത്തുന്നതിന് നടപടി സ്വീകരിച്ചെങ്കിലും അധികനാൾ നീണ്ടുനിന്നില്ല.
പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളിൽ അടിഞ്ഞുകിടക്കുന്ന മണൽ വാരി വിൽപന നടത്തുന്നതിന് ട്രാവൻകൂർ സിമന്റ്സിന് സർക്കാർ കരാർ നൽകിയെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. ഇതോടെ വീണ്ടും മണൽ വാരി വിൽപന നടത്തുന്നതിനുള്ള അവകാശം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
മണലും ചെളിയും നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അണക്കെട്ടിലെ സംഭരണ ശേഷി വലിയ അളവിൽ കുറഞ്ഞിരിക്കുകയാണ്. മണൽ വാരി വിൽപന നടത്തുന്നതിന് അനുമതി നൽകിയാൽ ലൈഫ് ഭവന പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ഏറെ ഗുണകരമാകും. ഇതോടൊപ്പം ഇപ്പോൾ ഉപയോഗിക്കുന്ന പാറമണൽ ഒഴിവാക്കി കോൺക്രീറ്റ് ജോലികൾക്കും മറ്റും പുഴമണൽ ഉപയോഗിക്കാൻ കഴിയും. ഇതോടൊപ്പം ഒട്ടേറെപ്പേർക്ക് തൊഴിൽ അവസരവും ലഭ്യമാകും എന്നത് സവിശേഷതയാണ്.