വൈദ്യുത പോസ്റ്റ് മറിഞ്ഞു വീഴാറായ നിലയിൽ

Mail This Article
ഇടവെട്ടി ∙ കീരികോട് – ഇടവെട്ടി റോഡിൽ വൈദ്യുത പോസ്റ്റ് മറിഞ്ഞു വീഴാറായ നിലയിൽ. ഏതു സമയത്തും നിലം പതിക്കാവുന്ന പോസ്റ്റിനടിയിലൂടെ നൂറുകണക്കിന് ആളുകൾ ജീവൻ പണയം വച്ചാണ് കടന്നുപോകുന്നത്. കെഎസ്ഇബിയെ വിവരമറിയിച്ചെങ്കിലും ആഴ്ചകളായി ഇതേ സ്ഥിതി തുടരുകയാണ്. പോസ്റ്റ് റോഡിലേക്ക് ചാഞ്ഞതോടെ ലോഡുകയറ്റിയ വാഹനങ്ങൾക്ക് ഇതുവഴി പോകാനാവാത്ത അവസ്ഥയായി. ഒട്ടേറെ സ്കൂൾ വാഹനങ്ങൾ കുട്ടികളുമായി ഈ പോസ്റ്റിനു താഴെക്കൂടിയാണ് പോകുന്നത്.
അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റിനു തൊട്ടടുത്തായി വീടുകളുമുണ്ട്. ഇരുനൂറിലേറെ കുടുംബങ്ങളാണ് ഈ വഴി സ്ഥിരമായി ഉപയോഗിക്കുന്നത്. കുമ്മംകല്ല് ഭാഗത്തുള്ളവർ ഇടവെട്ടിയിലേക്കു പോകാൻ ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇതിനടുത്തായുള്ള 2 മുസ്‌ലിം പള്ളികളിലേക്ക് ആളുകൾ പോകുന്നതും ഈ പോസ്റ്റിനു താഴെക്കൂടിയാണ്. സ്ഥലത്തെ അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.