പോസ്റ്റ്മോർട്ടം : ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ
Mail This Article
തൊടുപുഴ ∙ പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഒരു മാസത്തിന് മുമ്പ് നിലവിൽ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയായാൽ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലെത്തിക്കണം. ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം പഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയിൽ പോയാൽ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡിവൈഎസ്പിയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.