തണുത്ത വെള്ളത്തിലിറങ്ങി ബീച്ചിലെത്തുന്ന പ്രതീതി ആസ്വദിക്കണോ? മൂന്നാറിലേക്ക് വരൂ...

Mail This Article
മൂന്നാർ ∙ തണുത്ത വെള്ളത്തിലിറങ്ങി, വിശ്രമസ്ഥലങ്ങളിൽ ഒന്നിരുന്ന് ഒരു ബീച്ചിലെത്തുന്ന പ്രതീതി ആസ്വദിക്കണമെങ്കിൽ നേരേ ഗവ. ബോട്ടാണിക്കൽ ഗാർഡനിലേക്ക് വിട്ടോളൂ. ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിനു കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡന്റെ താഴ്ഭാഗത്തു കൂടി ഒഴുകുന്ന കുട്ടിയാർ പുഴയുടെ തീരത്താണ് 200 മീറ്റർ ദൂരത്തിൽ ബീച്ചിനു സമാനമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് കുട്ടിയാർ വഴി ഒഴുകിയെത്തി ടൗണിലെ മുതിരപ്പുഴയിൽ ചേരുന്നത്.
13 ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന ബോട്ടാണിക്കൽ ഗാർഡന്റെ ഏറ്റവും താഴ്ഭാഗത്തായാണ് മിനി ബീച്ച് സംവിധാനം ഒരുക്കിയിരിക്കുന്നത്. മരങ്ങൾക്കിടയിൽ സഞ്ചാരികൾക്ക് ഇരുന്നു വിശ്രമിക്കുന്നതിനും പുഴയിലിറങ്ങുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. വേണമെങ്കിൽ തണുത്തു മരവിച്ച വെള്ളത്തിൽ സഞ്ചാരികൾക്ക് ഇറങ്ങി നടക്കാനും കഴിയും. സഞ്ചാരികളിറങ്ങുന്ന ഭാഗത്ത് സംരക്ഷണവേലി കെട്ടിയിട്ടുണ്ട്. വൈകിട്ട് 6.30 വരെ മാത്രമേ ബീച്ചിൽ ഇറങ്ങാൻ കഴിയൂ. ബോട്ടാണിക്കൽ ഗാർഡനിൽ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. പ്രവേശന ടിക്കറ്റ് എടുക്കുന്നവർക്ക് മിനി ബീച്ചിലുമിറങ്ങാം.