കെഎസ്ഇബിക്കാരേ... ഇതുമൊരു ജീവനാണ്; ചത്തത് കുഞ്ഞുമായെത്തിയ തള്ളക്കുരങ്ങ്

Mail This Article
കുമളി ∙ വൈദ്യുതി ബോർഡിന്റെ അലംഭാവം മൂലം കരിങ്കുരങ്ങുകൾ ഷോക്കേറ്റു ചാകുന്നത് തുടരുന്നു. ഒരേ സ്ഥലത്തു തന്നെ 2 വർഷത്തിനുള്ളിൽ ചത്തത് 7 കരിങ്കുരങ്ങുകൾ. കുമളി ടൗണിൽ കുളത്തുപാലത്തിനു സമീപമുള്ള വൈദ്യുത പോസ്റ്റിൽ നിന്നാണ് കരിങ്കുരങ്ങുകൾ ഷോക്കേറ്റു വീഴുന്നത്. ഇന്നലെ 8 കുരങ്ങുകളുടെ കൂട്ടമാണ് ഇതുവഴി എത്തിയത്. അതിൽ കുഞ്ഞിനെ മാറോടുചേർത്തു പിടിച്ച് വൈദ്യുത പോസ്റ്റിലൂടെ മറുഭാഗത്തേക്കു കടക്കാൻ ശ്രമിച്ച തള്ളക്കുരങ്ങാണ് ആദ്യം വൈദ്യുതാഘാതമേറ്റു വീണത്. കുഞ്ഞ് പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തള്ളക്കുരങ്ങ് ചത്തു.
ഇവയ്ക്കു പിന്നാലെ എത്തിയ 2 കുരങ്ങുകൾ കൂടി പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവത്തിന് സാക്ഷികളായ നാട്ടുകാർ ശേഷിച്ച കുരങ്ങുകളെ ഓടിച്ചുവിട്ടതിനാൽ അവ രക്ഷപ്പെട്ടു. കുരങ്ങുകൾ കൂട്ടമായി എത്തുന്നതു കണ്ടപ്പോൾ തന്നെ സമീപത്ത് സ്റ്റുഡിയോ നടത്തുന്ന വിശ്വൻ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. സമീപത്തെ ചില വ്യാപാരികളും ഫോൺ വിളിച്ചെങ്കിലും കെഎസ്ഇബിയുടെ ഫോൺ എടുക്കാൻ ആരുമുണ്ടായില്ല.

കുരങ്ങുകൾ വൈദ്യുതാഘാതമേറ്റു വീഴുന്നതിന് പല തവണ സാക്ഷ്യം വഹിക്കേണ്ടി വന്ന വിശ്വൻ പിന്നീട് വനപാലകരെ വിവരം അറിയിച്ച ശേഷം ക്യാമറ കയ്യിലെടുത്തു. കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ച തള്ളക്കുരങ്ങ് ഷോക്കേറ്റു പിടഞ്ഞു വീഴുമ്പോൾ നിസ്സഹായതയോടെ ഇതു ക്യാമറയിൽ പകർത്താൻ മാത്രമേ വിശ്വനു കഴിഞ്ഞുള്ളൂ. വിളിച്ചപ്പോൾ കെഎസ്ഇബി ജീവനക്കാർ ഫോൺ എടുത്തിരുന്നെങ്കിൽ ലൈൻ ഓഫ് ചെയ്ത് ഈ ജീവികളെ രക്ഷപ്പെടുത്താമായിരുന്നു എന്നാണ് അപകടം നേരിൽ കണ്ടവർ പറയുന്നത്.