നീരൊഴുക്ക് വറ്റി ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങൾ

Mail This Article
അടിമാലി ∙ വേനൽ കടുത്തതോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തുള്ള വെള്ളച്ചാട്ടങ്ങൾ നീരൊഴുക്കു കുറഞ്ഞ് വറ്റിവരളുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങളാണ് വറ്റിവരളുന്നത്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയായിരുന്നു ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ഇതോടൊപ്പം മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായാണ് അടിമാലി അറിയപ്പെടുന്നത്.
ടൗണിലൂടെ കടന്നുപോകുന്ന അടിമാലി വെള്ളച്ചാട്ടവും നീരൊഴുക്കു കുറഞ്ഞ് വറ്റിവരളുകയാണ്. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്കു കുറഞ്ഞതോടെ നിരാശരായാണ് സഞ്ചാരികൾ ഇതുവഴി കടന്നുപോകുന്നത്. നേര്യമംഗലം വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് കൂടാൻ പര്യാപ്തമാകും വിധം മഴ ലഭിച്ചിട്ടില്ല. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചീയപ്പാറ, വാളറ എന്നിവിടങ്ങളിലെ കച്ചവടക്കാരും ദുരിതത്തിലായി.