ADVERTISEMENT

കട്ടപ്പന∙ മൂന്നാറിൽ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17,066.49 ഏക്കർ ഭൂമി വനമാക്കാനുള്ള നീക്കത്തിന്റെ അന്തിമ നടപടികളിലേക്കു കടന്ന് സംസ്ഥാന സർക്കാർ. സൂര്യനെല്ലിയിലും ചെങ്കുളത്തും ചിന്നക്കനാലിലും ആനയിറങ്കലിലും കുമളിയിലും സംസ്ഥാന സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് വർഷങ്ങളായി മരവിച്ചിരുന്ന നടപടികൾക്കു വേഗം കൂട്ടിയിരിക്കുന്നത്. മൂന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ 2010ൽ വിഎസ് സർക്കാർ സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനമിറക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി. ഈ വിജ്ഞാപനത്തിന്റെ അന്തിമ നടപടികളിലേക്കാണ് സർക്കാർ ഇപ്പോൾ കടന്നിരിക്കുന്നത്.

ജില്ലയിൽ ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രസംഗിക്കുന്ന ഇടതു സർക്കാർ കൂടുതൽ ഇടങ്ങൾ വനഭൂമിയാക്കി മാറ്റുന്ന നടപടികളിൽ നിന്നു പിന്മാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി നൽകിയ വിവരാകാശത്തിലൂടെയാണ് റിസർവ് വനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായത്. ആകെ വിസ്തൃതിയുടെ പകുതിയിലേറെ വനമുള്ള ജില്ലയിൽ വീണ്ടും റിസർവ് വനങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്ന് ബിജോ മാണി ആവശ്യപ്പെട്ടു. 

2010 ഒക്ടോബർ 8നാണ് കണ്ണൻ ദേവൻ റിസർവ് എന്ന പേരിൽ മൂന്നാറിൽ സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനമിറങ്ങുന്നത്. ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫിസറായി ദേവികുളം ആർഡിഒയെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2021 അവസാനം വരെ ഈ റിസർവിന്റെ തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

കരട് വിജ്‍ഞാപനത്തിന്റെ പരിധിയിൽ വരുന്ന സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയുടെ ലാൻഡ് റജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് 2021 ഡിസംബർ 15നു നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിജ്ഞാപനമിറക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചുവെന്ന് വ്യക്തമായത്.

ഏതൊക്കെ പ്രദേശങ്ങൾ?
ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിൽ 16, 17, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 41, 43 എന്നീ 16 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് കണ്ണൻ ദേവൻ റിസർവിലുള്ളത്. സെവൻമല, ലക്ഷ്മി, ചൊക്കനാട് തുടങ്ങിയ എസ്റ്റേറ്റ് ഡിവിഷനുകൾ ഈ റിസർവിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. മൂന്നാർ ടൗണിനോടു ചേർന്നുള്ള ബ്ലോക്ക്‌ നമ്പർ 16ലെ ഭൂമിയും പള്ളിവാസൽ, കാന്തല്ലൂർ, വട്ടവട വില്ലേജുകളുടെ അതിർത്തി വരെയുള്ള തോട്ടങ്ങൾ ഒഴികെയുള്ള ഭൂമിയും കരട് വിജ്ഞാപന പ്രകാരം സംരക്ഷിത വനമാണ്. മൂന്നാർ ഗവ. കോളജും സർക്കാർ ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നമ്പർ 53 ഇതിൽ ഉൾപ്പെടും.

മൂന്നാർ ടൗണിന് ചുറ്റും സംരക്ഷിത വനമാകും
നൂറുകണക്കിന് എസ്റ്റേറ്റ് ലയങ്ങളും ആയിരക്കണക്കിനു തൊഴിലാളികളും റിസർവിന്റെ പരിധിയിൽ താമസിക്കുന്നുണ്ട്. എസ്റ്റേറ്റ് ലയങ്ങളോടു ചേർന്ന് സംരക്ഷിത വനമുണ്ടായാൽ വന്യജീവി ശല്യം കാരണം ഈ പ്രദേശങ്ങളിൽ ജനജീവിതം അസാധ്യമായി മാറും. ആയിരക്കണക്കിനു വിനോദസ‍ഞ്ചാരികൾ ദിനംപ്രതി വരുന്ന മൂന്നാർ ടൗണിനു ചുറ്റും സംരക്ഷിത വനമാകും.

കുടിയിറങ്ങേണ്ട സ്ഥിതി: കോൺഗ്രസ് 
കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിജ്ഞാപനമിറങ്ങിയാൽ മൂന്നാറിൽനിന്നു ജനങ്ങൾ കുടിയിറങ്ങേണ്ടി വരുമെന്ന് കോൺഗ്രസ്. അടിയന്തരമായി കണ്ണൻ ദേവൻ റിസർവിന്റെ തുടർനടപടികൾ നിർത്തിവച്ച് കരട് വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ്‌ ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ്‌ ആനന്ദ് തോമസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവർ പങ്കെടുത്തു

English Summary:

Kerala's Munnar land conversion plan affects thousands of acres. The government's initiative aims to transform inhabited and plantation areas into forest reserves, a move sparking debate.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com