ഓർമയാകുമോ വട്ടവടയുടെ കൃഷിസമൃദ്ധി

Mail This Article
മൂന്നാർ∙ സംസ്ഥാനത്തിന്റെ ശീതകാല പച്ചക്കറികളുടെ ഉൽപാദന കേന്ദ്രമായ വട്ടവടയിൽ പച്ചക്കറി കൃഷികൾ മുൻവർഷങ്ങളിലെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞു. കർഷകർ കൃഷി ചെയ്യാതായതോടെ വട്ടവട പഞ്ചായത്തിൽ ഏക്കർ കണക്കിനു സ്ഥലം തരിശായി മാറുന്നു. വില സ്ഥിരതയില്ലായ്മ, ഇടനിലക്കാരുടെ കടന്നുകയറ്റം, വളം, വിത്ത് എന്നിവയുടെ വില വർധന, കൃഷിക്കാവശ്യമുള്ള വെള്ളമില്ലായ്മ, പുതുതലമുറയ്ക്കു കൃഷിയോട് താല്പര്യമില്ലായ്മ, സർക്കാർ സഹായമില്ലാത്തത്, പ്രദേശത്തെ ടൂറിസം വളർച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വട്ടവടയിൽ പച്ചക്കറി കൃഷികളിൽ നിന്നു കർഷകർ പിന്മാറിയത്.
പഞ്ചായത്തിലെ വട്ടവട, കോവിലൂർ, ഊർക്കാട്, ചിലന്തിയാർ, സ്വാമിയാർ അള, കൂടല്ലാർ, മൂലവള്ളം, വയൽത്തറ, വത്സപ്പെട്ടി, കടവരി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പച്ചക്കറികൾ ഉൽപാദിപ്പിച്ചിരുന്നത്. ഉരുളക്കിഴങ്ങ്, വിവിധ തരം ബീൻസുകൾ, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, പട്ടാണി, വിവിധ തരം ഇലക്കറികൾ, കോളിഫ്ലവർ, വെളുത്തുള്ളി, മുള്ളങ്കി തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. വെളുത്തുള്ളി ഒഴികെയുള്ളവയ്ക്ക് മിക്ക സീസണിലും മികച്ച വില വിപണിയിൽ ലഭിക്കാറില്ല.
ഇടനിലക്കാരാണ് നിസ്സാര വില നൽകി ഇവ കർഷകരിൽ നിന്നു ശേഖരിച്ച് വലിയ വിലയ്ക്ക് വിപണിയിലെത്തിക്കുന്നത്. പരമ്പരാഗത കൃഷിരീതികളാണ് ഇന്നും വട്ടവടയിൽ തുടരുന്നത്. കൃഷി ചെയ്യാൻ പ്രദേശവാസികൾ തയാറാകാതെ വരുന്നതോടെ വരും കാലങ്ങളിൽ വട്ടവടയിൽ നിന്നുള്ള പച്ചക്കറികൾ കേരളത്തിന് അന്യമാകും.
കൃഷിയെ പിന്നാക്കം തള്ളി ടൂറിസം വളർച്ച
വട്ടവട മേഖലയിൽ ടൂറിസം വളർന്നപ്പോൾ കൃഷിത്തോട്ടത്തിൽ ജോലി ചെയ്തിരുന്നവർ റിസോർട്ടുകളിലും മറ്റും ജോലിക്കു പോയിത്തുടങ്ങി. അതോടെ വിത്തിറക്കാനും വിളവെടുക്കാനും ആളില്ലാതായി. ടൗൺ മേഖലകളിൽ കഴിയുന്നവർ ഹോംസ്റ്റേകളും കച്ചവടങ്ങളും തുടങ്ങിയതോടെ കൃഷിയിൽ നിന്നു ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വരുമാനം ലഭിക്കാൻ തുടങ്ങി. ഇതും പച്ചക്കറി കൃഷിക്ക് തിരിച്ചടിയായി.
ലാഭം ഗ്രാന്റീസ് കൃഷി
ഗ്രാന്റീസ് കൃഷി ചെയ്യുന്നതിനു സർക്കാർ നിരോധനമുണ്ടെങ്കിലും മിക്കവരും ഇതു നട്ടുവളർത്തുന്നത് തുടരുകയാണ്. മറ്റു പരിപാലനമൊന്നുമില്ലാതെ ആറാം വർഷം മുതൽ തടി വെട്ടിവിറ്റ് വരുമാനം ലഭിച്ചു തുടങ്ങും. രണ്ടാം വർഷം മുതൽ തന്നെ മരങ്ങളുടെ വില കരാറുകാർ മുൻകൂറായി ഉടമകൾക്കു നൽകിത്തുടങ്ങും. പച്ചക്കറി കൃഷിയെക്കാൾ ലാഭമായതുകൊണ്ട് പലരും ഗ്രാന്റീസ് കൃഷിക്കാണ് പ്രാധാന്യം നൽകുന്നത്.