സമുദ്രനിരപ്പിൽ നിന്ന് 1,100 അടിയിലേറെ ഉയരം: അവിസ്മരണീയ അനുഭവം ഒരുക്കി കോട്ടപ്പാറ വ്യൂ പോയിന്റ്

Mail This Article
വണ്ണപ്പുറം∙ മലയോരത്തെ വലയം ചെയ്യുന്ന കോടമഞ്ഞിന്റെ പുതപ്പും കുളിരുകോരുന്ന കാറ്റും ഉൾപ്പെടെ സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവം ഒരുക്കി വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ വ്യൂ പോയിന്റ്. ആകാശം താഴേക്കിറങ്ങി വന്നത് പോലെ മൂടൽമഞ്ഞ്, തണുത്ത കാലാവസ്ഥ, വീശിയടിക്കുന്ന കാറ്റ് എല്ലാം ചേർന്ന് സുന്ദരമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. കോട്ടപ്പാറ വ്യൂ പോയിൻ്റിലെത്തുന്നവർക്കു മുന്നിൽ തെളിയുന്നത് പ്രകൃതിയൊരുക്കിയ കാഴ്ചയുടെ കലവറയാണ്.
സമുദ്രനിരപ്പിൽ നിന്ന് 1,100 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ച മതിയാവോളം ആസ്വദിക്കാം.അവധിക്കാലത്ത് പുലർച്ചെ മുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങും. എന്നാൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നത് പ്രതിസന്ധിയാണ്. ഈ മേഖലയിൽ ശുചിമുറി സൗകര്യം ലഭ്യമല്ല. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടങ്ങളും ഒരുക്കിയിട്ടില്ല. കോട്ടപ്പാറ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നതിന്റെ ഒരു ഭാഗം വനം വകുപ്പിന്റെ അധീനതയിലാണ്.
പുലർച്ചെ 3 മുതൽ തന്നെ മഞ്ഞിന്റെ ദൃശ്യഭംഗി കാണുവാൻ സമീപ ജില്ലകളിൽ നിന്നു പോലും സഞ്ചാരികൾ എത്തുന്നുണ്ട്. വ്യൂ പോയിന്റ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. വണ്ണപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഉണ്ടായാൽ മാത്രമേ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയുകയുള്ളൂ. വനം വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു പറഞ്ഞു.