പൊലീസിനെ വെട്ടിച്ച് ‘വീരപ്പൻ സന്തോഷ്’കടന്നു; ഒപ്പമുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിൽ

Mail This Article
അടിമാലി ∙ വനം വകുപ്പ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന പതിനാലാം മൈൽ നരിക്കുഴിയിൽ സന്തോഷ് (വീരപ്പൻ സന്തോഷ്–54) പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന 2 പേരെ അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാൽ വള്ളനാമറ്റത്തിൽ ഷൈൻ (34), പയ്യന്നൂർ കുന്നത്തേരി പിലാപ്പിള്ളിൽ ഹരീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മ്ലാവ് ഇറച്ചിയും കണ്ടെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപ്പിച്ചതുൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയ സന്തോഷ് 2 വർഷത്തോളമായി ഒളിവിലാണ്.
അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴമ്പിള്ളിച്ചാലിൽ ഇയാൾ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ഇടുക്കി പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു, അടിമാലി എസ്എച്ച്ഒ പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പഴമ്പിള്ളിച്ചാലിൽ എത്തി വീട് വളഞ്ഞു. പൊലീസ് എത്തുന്നതു കണ്ട് തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സംഘം പിറകെ എത്തിയെങ്കിലും ഒപ്പം എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപ്പെട്ടു.
രാത്രിയായതോടെ പാറക്കെട്ടിൽ നിന്ന് താഴേക്കിറങ്ങാൻ കഴിയാതെ വന്നതോടെ പൊലീസ് സംഘം ഫയർ ഫോഴ്സിന്റെ സഹായം ആവശ്യപ്പെട്ടു. ഫയർഫോഴ്സ് സംഘം പഴമ്പിള്ളിച്ചാലിൽ എത്തുന്നതിനു മുൻപായി പൊലീസ് സംഘം ഏറെ പ്രയാസപ്പെട്ട് പാറക്കെട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.തുടർന്ന് ഷൈന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മ്ലാവിന്റെ ഇറച്ചി കണ്ടെടുത്തത്. പ്രതികളെയും ഇറച്ചിയും വനം വകുപ്പിന് കൈമാറി. തെളിവെടുപ്പിന് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എസ് ജയദാസ് പറഞ്ഞു.