ആലടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ; വനം വകുപ്പിലും പൊലീസിലും വിവരമറിയിച്ചു
Mail This Article
ഉപ്പുതറ ∙ ആലടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. 30നു വൈകിട്ട് അഞ്ചോടെയാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ പുലിയെ കണ്ടത്. വട്ടപ്പറമ്പിൽ ലിബിൻ, പുളിക്കൽ അപ്പു, പാറയ്ക്കൽ ബിനോയി എന്നിവരാണു പുലിയെ കണ്ടത്. ലിബിന്റെ പുരയിടത്തിനു സമീപം ജനവാസ മേഖലയിലൂടെ പുലി പോകുന്നതാണു കണ്ടത്. ഒന്നിലധികം പേർ പുലിയെ കണ്ടതോടെ വനം വകുപ്പിലും പൊലീസിലും വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ രാത്രിയായിട്ടും വനപാലകർ സ്ഥലത്തെത്താതിരുന്നതു പ്രതിഷേധത്തിന് ഇടയാക്കി.
28നു പുലർച്ചെ ഒന്നരയോടെ മേരികുളം-ആലടി ബൈപാസ് റോഡരികിൽ വലിയ പുലിയെയും കുട്ടിപ്പുലിയെയും കണ്ടിരുന്നു. ചോങ്കര റിന്റോ ചാക്കോയാണു സ്‌കൂട്ടറിൽ വീടിനു സമീപമെത്തിയപ്പോൾ പുലിയെ കണ്ടത്. തുടർന്നു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന്റെ സമീപമേഖലയിൽ വീണ്ടും പുലിയെ കണ്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. എന്നാൽ വനം വകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ജനവാസമേഖലയിൽ പുലിയെ കണ്ടിട്ടും ഇക്കാര്യം സ്ഥിരീകരിക്കാനായി ക്യാമറ സ്ഥാപിക്കാനോ കൂട് സ്ഥാപിക്കാൻ നടപടിയെടുക്കാനോ വനം വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.