ADVERTISEMENT

അടിമാലി ∙ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നിബന്ധനയില്ലാതെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫിന്റെ വാക്കാണിത്, കുറിച്ചു വച്ചോളൂ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മലയോര സമരയാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. 

ജില്ലയിലെ കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള പിണറായി സർക്കാരിന്റെ ഗൂഢനീക്കമാണ് കുടിയേറ്റ കർഷകരുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമായിരിക്കുന്നത്. കയ്യേറ്റക്കാരുടെ പട്ടിക സർക്കാർ തയാറാക്കി പരിശോധിച്ചപ്പോൾ കൂടുതൽ പേരും സിപിഎം ബന്ധമുള്ളവരാണ്. ഇതോടെ വ്യാജ പട്ടയം കൈവശമുള്ള കയ്യേറ്റക്കാരുടെ പട്ടയങ്ങൾ റദ്ദാക്കാൻ കൂട്ടാക്കാതെ കുടിയേറ്റക്കാരുടെ മറവിൽ ഇവരെ സംരക്ഷിക്കാനുള്ള നീക്കമാണ് ജില്ലയിലെ ഭൂപ്രശ്നം പരിഹാരമില്ലാതെ നീണ്ടുപോകാൻ കാരണം. 

എൽഡിഎഫ് സർക്കാർ 2 പ്രാവശ്യമായി ജില്ലയിൽ 19,000 ഏക്കർ ഭൂമിയാണ് വനമാക്കി മാറ്റാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. കൃഷിക്കാരെയാണ് ഇതു കൂടുതലായി ബാധിച്ചിരിക്കുന്നത്. ഭൂപ്രശ്നത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മാത്രമല്ല ഞങ്ങൾ ജാഥയുമായി എത്തിയിരിക്കുന്നത്. നിയമ സഭയ്ക്കകത്തും പുറത്തും ഇതിനു വേണ്ടി ശക്തമായി പോരാടും. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെ 18 പേർ നിങ്ങൾക്കു വേണ്ടി പോരാട്ടത്തിലാണ്. ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും; എഴുതി വച്ചോ, റിക്കോർഡ് ചെയ്തു വച്ചോ, യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തും. ഐക്യ ജനാധിപത്യ മുന്നണി നൽകുന്ന വാക്കാണിതെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, ഡീൻ കുര്യാക്കോസ് എംപി, മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യർ, ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം എ.കെ.മണി, കെപിസിസി എക്സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. മലയോര സമരയാത്ര കുമളിയിൽ സമാപിച്ചു. യുഡിഎഫ് പീരുമേട് നിയോജക മണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ച യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.

ഇടുക്കിക്കായി യുഡിഎഫിന്റെ 4 വാഗ്ദാനങ്ങൾ
കട്ടപ്പന ∙ ഐക്യ ജനാധിപത്യ മുന്നണി കൊടുങ്കാറ്റുപോലെ കേരളത്തിൽ തിരിച്ചുവരുമെന്നും ഇപ്പോൾ നൽകുന്ന 4 വാഗ്ദാനങ്ങൾ അന്നു പാലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമര യാത്രയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

1. 1964ലെ പട്ടയത്തിനും അവിടെ നടത്തിയിരിക്കുന്ന നിർമാണങ്ങൾക്കും ഒരുരൂപപോലും ജനങ്ങളിൽ നിന്ന് വാങ്ങാതെയും യാതൊരു നിബന്ധനയുമില്ലാതെയും ക്രമവൽക്കരിക്കും. 

2.  സിഎച്ച്ആർ ഭൂമി പൂർണമായി റവന്യു ഭൂമിയാണെന്ന നിലപാടെടുത്ത് അവിടുള്ളവരെ മുഴുവൻ സംരക്ഷിക്കും.  

3. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, ജണ്ട ഒഴിച്ചുള്ള ഭാഗങ്ങൾ, ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാൽ പട്ടയം ലഭിക്കാത്തവർ എന്നിവർക്കെല്ലാം പട്ടയം നൽകും. 

4. വന്യജീവി ആക്രമണം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ പണം അനുവദിക്കും. അത് പരമ്പരാഗത രീതിയിലും ആധുനിക രീതിയിലും നടപ്പാക്കും. 

പ്രതിപക്ഷ നേതാവ് നിരത്തി, ടോപ് 10 സർക്കാർ വീഴ്ചകൾ
1. പട്ടയ പ്രശ്നങ്ങൾ 
പരിസ്ഥിതി സംഘടനകൾ നൽകിയ കേസ് നടത്തുന്നതിൽ സർക്കാരിനുണ്ടായ വീഴ്ച കാരണം ജില്ലയിലെ പട്ടയവിതരണം പൂർണമായും തടസ്സപ്പെട്ടു. 1964–ലെ ഭൂപതിവ് നിയമത്തിൽ കയ്യേറ്റ ഭൂമിക്ക് പട്ടയം നൽകാമെന്നു പറയുന്നുണ്ടന്നും ഇതുപ്രകാരം കയ്യേറ്റ ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ടെന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ പരാതിയാണ് 1964–ലെ നിയമപ്രകാരമുള്ള പട്ടയ വിതരണം നിർത്തിവയ്ക്കാൻ കാരണമായത്. ഈ കേസിൽ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകർക്കു വീഴ്ചപറ്റി. 

സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞിട്ട് 3 മാസം കഴിഞ്ഞു. സർക്കാർ അഭിഭാഷകർ ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ സിഎച്ച്ആറിലെ പട്ടയ നടപടി സുപ്രീംകോടതി തടയില്ലായിരുന്നു. നാളിതുവരെ ഈ വിധി പുനഃപരിശോധിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. നിലവിൽ ഇരുപതിനായിരത്തോളം അപേക്ഷകർക്ക് ജില്ലയിൽ പട്ടയം നൽകാനുണ്ട്. 

2.‌ സിഎച്ച്ആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
2,15,720 ഏക്കർ സിഎച്ച്ആർ ഭൂമി റിസർവ് വനമാണെന്നും ഈ ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടന്നിട്ടുണ്ടന്നും ഈ കയ്യേറ്റമൊഴിപ്പിച്ച് ഈ ഭൂമി റിസർവ് വനമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ നൽകിയ കേസിൽ ഇപ്പോൾ അന്തിമ വാദം നടക്കുകയാണ്. ഈ കേസ് നടത്തുന്നതിൽ സംസ്ഥാനം ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. സിഎച്ച്ആറുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നു. സർക്കാർ രേഖകളിലെ പെരുത്തക്കേടുകൾ തിരുത്താൻ തയാറാകുന്നില്ല. 

3. വന്യജീവി ശല്യം 
വന്യജീവി ശല്യം തടയാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതിനാൽ തീറ്റയും വെള്ളവുമില്ലാതെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ നടപടി ഉണ്ടാകുന്നില്ല. 

4. ബഫർ സോൺ
മതികെട്ടാനിൽ ജനവാസമേഖലകൾ ഉൾപ്പെടെ ഒരു കിലോമീറ്റർ ബഫർ സോണിന്റെ പരിധിയിലാക്കി ഒന്നാം പിണറായി സർക്കാർ അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. ബഫർ സോണിന് 1 കിലോമീറ്റർ പരിധി നിർബന്ധമില്ലന്നും അതത് സംസ്ഥാനങ്ങൾക്ക് പരിധി നിശ്ചയിക്കാമെന്നും അന്തിമ വിജ്ഞാപനം ഇറങ്ങിയ സ്ഥലങ്ങളിൽ പുതിയ പ്രപ്പോസൽ നൽകാമെന്നും സുപ്രീംകോടതി പറഞ്ഞിട്ടും സർക്കാർ നടപടിയെടുത്തില്ല. 

5. പുതിയ സംരക്ഷിത വനങ്ങൾ 
ഇടതുസർക്കാർ ജില്ലയിൽ കൃഷി ഭൂമിയും റവന്യു ഭൂമിയും ഉൾപ്പെടെ 18903.59 ഏക്കർ പുതിയതായി റിസർവ് വനമാക്കി. എൽഡിഎഫ് സർക്കാർ വനവൽക്കരണം നയമാക്കുന്നത് അപകടകരം. വനംവകുപ്പിന്റെ പല നടപടികളും സർക്കാർ അറിയുന്നില്ല. 

6. നിർമാണ നിരോധനം 
2019 ഓഗസ്റ്റ് 22നു ഭൂപതിവ് നിയമം ലംഘിച്ചുകൊണ്ടുള്ള നിർമാണം തടയാൻ പിണറായി സർക്കാർ ഇറക്കിയ ഉത്തരവ് മൂലം ജില്ലയിൽ പ്രശ്നങ്ങളുണ്ടായി. ജില്ലയിൽ വീടൊഴികെയുള്ള ഒരു നിർമാണങ്ങളും നടത്താൻ കഴിയുന്നില്ല. 

7. 1964–ലെ ഭൂനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 
ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. പട്ടയ ഭൂമിയിലെ നിലവിലെ നിർമാണങ്ങൾ വിവിധ സ്ലാബുകളായി തിരിച്ച് പിഴയീടാക്കി ക്രമപ്പെടുത്തി നൽകാൻ സർക്കാർ നീക്കം. 

8. ഇടുക്കി പാക്കേജ് 
പിണറായി സർക്കാർ പ്രഖ്യാപിച്ച 18,000 കോടിയുടെ ഇടുക്കി പാക്കേജിൽ നാളിതുവരെ അനുവദിച്ചത് 51.39 കോടിയുടെ പദ്ധതികൾ മാത്രം. എല്ലാ വർഷവും  സർക്കാർ വകുപ്പുകൾക്ക് അനുവദിക്കുന്ന പദ്ധതികളെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ജനങ്ങളെ പറ്റിക്കുന്നു. 

9. എൻഒസി പ്രശ്നം 
2016 ജൂൺ 9നു മൂന്നാറിലെ 8 വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ബാധകമാക്കി. 2017 ഒക്ടോബർ 23നു എം.എം.മണി വൈദ്യുതി മന്ത്രി ആയിരുന്ന കാലയളവിൽ മൂന്നാറിലെ 8 വില്ലേജുകളിൽ വൈദ്യുതി കണക്‌ഷനും റവന്യു വകുപ്പിന്റെ എൻഒസി ബാധകമാക്കി. 

10. കുത്തകപ്പാട്ടം
ഏലം കുത്തകപ്പാട്ടം പുതുക്കി നൽകുന്നില്ല, 2024 ലെ വരൾച്ചയിൽ കൃഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുന്നില്ല.

English Summary:

Adimali land issues will receive a permanent solution under the UDF, according to opposition leader V.D. Satheesan who made the promise during his Malaiyora Samara Yatra in Adimali. This unconditional pledge ensures long-term land dispute resolution in the Idukki district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com